ഖത്തറില്‍ പെരുന്നാള്‍ നമസ്കാരം രാവിലെ 5.01ന്; വിപുലമായ ആഘോഷപരിപാടികള്‍
പള്ളികളും ഈദ്ഗാഹുകളുമായാണ് 610 കേന്ദ്രങ്ങളില്‍ പെരുന്നാള്‍ നമസ്കാരത്തിന് സൌകര്യമൊരുക്കിയിരിക്കുന്നത്
ദോഹ: ബലിപെരുന്നാളിന് വിപുലമായ ആഘോഷങ്ങളുമായി ഖത്തര്‍. ലുസൈല്‍ ബൊലേവാദില്‍ പെരുന്നാള്‍ ദിവസം വെടിക്കെട്ട് നടക്കും. രാവിലെ 5.01നാണ് ഖത്തറിലെ പെരുന്നാള്‍ നമസ്കാരം. 610 കേന്ദ്രങ്ങളില്‍ സൌകര്യമൊരുക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു
പള്ളികളും ഈദ്ഗാഹുകളുമായാണ് 610 കേന്ദ്രങ്ങളില്‍ പെരുന്നാള്‍ നമസ്കാരത്തിന് സൌകര്യമൊരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ വേദിയായ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇത്തവണയും പ്രാര്‍ഥനയ്ക്ക് സൌകര്യമൊരുക്കിയിട്ടുണ്ട്. നമസ്കാരത്തിന് പിന്നാലെ വിവിധ ആഘോഷ പരിപാടികളും ഇവിടെ നടക്കും.
ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഖത്തര്‍ ടൂറിസത്തിന്റ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ചെറിയ പെരുന്നാള്‍ സമയത്ത് കൂടുതല്‍ പേരെ ആകര്‍ഷിച്ച ലുസൈല്‍ ബൊലേവാദില്‍ ഇത്തവണയും വെടിക്കെട്ട് വര്‍ണ വിസ്മയം തീര്‍ക്കും.
പെരുന്നാള്‍ ദിനത്തില്‍ രാത്രി എട്ടരയ്ക്കാണ് വെടിക്കെട്ട് നടക്കുക. ജൂലൈ അഞ്ച് വരെ ലുസൈലില്‍ പെരുന്നാള്‍ മോടി തുടരും. കതാറയിലും വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ നടക്കും.