ഗതാഗത നിയമലംഘനം: ഖത്തറിലെ പിഴ ഇളവ് ഈ മാസം അവസാനിക്കും

കഴിഞ്ഞ മൂന്നു വർഷത്തിനിടെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്

Update: 2024-08-23 16:28 GMT
Advertising

ദോഹ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഖത്തറിലെ പിഴ ഇളവ് ഈ മാസം അവസാനിക്കും. 50 ശതമാനം ഇളവോടെ പിഴ അടക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മേയ് മാസത്തിൽ പ്രഖ്യാപിച്ച ഗതാഗത നിയമലംഘന കേസുകളിലെ പിഴ ഇളവ് ഉപയോഗിക്കാൻ അവസാന അവസരമാണിത്. 50 ശതമാനം ഇളവോടെ പിഴ അടച്ച്, നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാം. ഈ മാസം 31 ന് ഇളവിനുള്ള സമയപരിധി അവസാനിക്കും. ജൂൺ ഒന്ന് മുതൽ മൂന്നു മാസമായിരുന്നു കാലാവധി നിശ്ചയിച്ചത്. ഇതിനകം തന്നെ വാഹന ഉടമകളിൽ വലിയൊരു വിഭാഗവും ഈ ഇളവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്. സ്വദേശികൾ, പ്രവാസികൾ, സന്ദർശകർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകൾക്കും ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

പിഴ അടച്ചുതീർത്തില്ലെങ്കിൽ അടുത്ത ദിവസം മുതൽ യാത്രാ വിലക്കുണ്ടാകും. സെപ്റ്റംബർ ഒന്ന് മുതലാണ് ട്രാഫിക് പിഴയുള്ളവർക്ക് യാത്രാവിലക്ക് നിലവിൽ വരുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഖത്തറിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറെ ബാധിക്കുക. അതിനാൽ യാത്രക്ക് ഒരുങ്ങും മുമ്പ് ട്രാഫിക് പിഴയുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News