ഗസ്സ: ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സേവന വിളികേട്ടത് നൂറുക്കണക്കിനാളുകൾ
അടിയന്തര ചികിത്സ ആവശ്യമുള്ള ഗസ്സയിലേക്ക് വിദഗ്ധരെ വിന്യസിക്കുന്നതിനാണ് ഖത്തർ റെഡ്ക്രസന്റ് തുടക്കം കുറിച്ചത്
ഗസ്സയിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധ സേവനത്തിനായുള്ള വിളി കേട്ടത് നൂറുക്കണക്കിനാളുകൾ. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള സന്നദ്ധ പ്രവർത്തനത്തിനായി 48 മണിക്കൂറിനുള്ളിൽ 700 ആരോഗ്യ സന്നദ്ധ പ്രവർത്തകരാണ് മുന്നോട്ട് വന്നതെന്ന് ഖത്തർ റെഡ്ക്രസന്റ് അറിയിച്ചു.
'ദ ലൈഫ്ലൈൻ ഓഫ് ഡിഗ്‌നിറ്റി ആൻഡ് ലൈഫ്-ഗസ്സ' എന്ന തലക്കെട്ടിൽ നിരവധി പേർക്ക് അടിയന്തര ചികിത്സ ആവശ്യമുള്ള ഗസ്സയിലേക്ക് വിദഗ്ധരെ വിന്യസിക്കുന്നതിനാണ് ഖത്തർ റെഡ്ക്രസന്റ് തുടക്കം കുറിച്ചത്. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വൈദ്യ പരിചരണം നൽകുന്നതിനും വിവിധ സ്പെഷ്യാലിറ്റികളിലുള്ള മെഡിക്കൽ സംഘങ്ങളിൽ ചേരാൻ ഖത്തറിനകത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മെഡിക്കൽ വിദഗ്ധരെ ക്ഷണിക്കുകയാണെന്ന് ഖത്തർ റെഡ്ക്രസന്റ് ദോഹയിൽ അറിയിച്ചിരുന്നു.
ഓർത്തോപീഡിക്സ്, ജനറൽ സർജറി, വാസ്‌കുലാർ സർജറി, ന്യൂറോ സർജറി, തൊറാസിക് സർജറി, നഴ്സിംഗ് എന്നിവയാണ് പ്രധാനമായും ലിസ്റ്റ് ചെയ്തിരിക്കുന്ന സ്പെഷ്യാലിറ്റികൾ. യോഗ്യരായവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ഖത്തർ റെഡ്ക്രസന്റ് പങ്കുവെച്ചിരിക്കുന്ന ലിങ്കിലൂടെ ഒൺലൈൻ ഫോറം പൂരിച്ച് സന്നദ്ധ സേവനത്തിന് തയ്യാറാകാം. വൈദഗ്ധ്യവും നൂതന മെഡിക്കൽ ഉപകരണങ്ങളും ആവശ്യമുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർമാർ നിർവഹിക്കും. കൂടാതെ ഫലസ്തീനിലെ ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്നും ഖത്തർ റെഡ്ക്രസന്റ് വ്യക്തമാക്കി.