ഖത്തർ നടപ്പാക്കിയ തൊഴിൽ പരിഷ്‌കാരങ്ങൾക്ക് ഇന്ത്യയുടെ പ്രശംസ; ഇന്ത്യ-ഖത്തർ സംയുക്ത സമിതി ഡൽഹിയിൽ യോഗം ചേർന്നു
ഖത്തറിന്റെ പുരോഗതിയിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് ഖത്തർ സംഘവും എടുത്തു പറഞ്ഞു
ഇന്ത്യ-ഖത്തർ സംയുക്ത സമിതി ഡൽഹിയിൽ യോഗം ചേർന്നു. ഖത്തർ ലേബർ അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തിയത്. നോർക്ക പ്രതിനിധികളുമായും സംഘം ചർച്ച നടത്തി. യോഗത്തിൽ ഖത്തർ നടപ്പാക്കിയ തൊഴിൽ പരിഷ്‌കാരങ്ങളെ ഇന്ത്യ പ്രശംസിച്ചു.
ഖത്തറിന്റെ പുരോഗതിയിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് ഖത്തർ സംഘവും എടുത്തു പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളുമാണ് രണ്ടുദിവസമായി നടന്ന യോഗത്തിൽ ചർച്ചയായത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവാസി കാര്യ അണ്ടർ സെക്രട്ടറി അനുരാഗ് ഭൂഷന്റെ നേതൃത്വത്തിലുള്ള സംഘവും ഖത്തറിനെ പ്രതിനിധീകരിച്ച് തൊഴിൽ വകുപ്പിലെ അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദിലിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പങ്കെടുത്തത്. നോർക്ക പ്രതിനിധികളുമായും ചർച്ച നടത്തിയ ഖത്തർ സംഘം നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലും സന്ദർശനം നടത്തി. ഇന്ത്യ ഖത്തർ മന്ത്രിതല ചർച്ചകൾ ഈ വർഷം നടക്കാനിരിക്കെയാണ് സംയുക്തസമിതി യോഗങ്ങൾ.