ലുല്‍വ അല്‍ ഖാതിര്‍ ഈജിപ്തിലെ റഫയിലെത്തി
ദോഹ:ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഈജിപ്തിലെ റഫയിലെത്തി.
മരുന്നും ഫീൽഡ് ആശുപത്രിയും ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ ഖത്തറിൽ നിന്നുള്ള ടൺ കണക്കിന് ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിച്ച ശേഷം റഫ അതിർത്തി വഴിയാണ് ഗസ്സയിലേക്ക് കൊണ്ടു പോകുന്നത്.
ചൊവ്വാഴ്ച ഈജിപ്തിലെത്തിയ മന്ത്രി ലുൽവ അൽ ഖാതിർ അൽ അരിഷും സന്ദർശിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി, ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ കമ്മിറ്റി എന്നിവരുടെ പ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ട്.
ഖത്തറിന്റെ ദുരിതാശ്വാസ വസ്തുക്കളുടെ കൈമാറ്റത്തിനും ഗസ്സയിലേക്കുള്ള വിതരണത്തിനും മന്ത്രി സാക്ഷിയായി. മാനുഷിക സഹായമെത്തിക്കാൻ വഴിയൊരുക്കുന്ന ഈജിപ്ഷ്യൻ സർക്കാറിന് മന്ത്രി നന്ദി അറിയിച്ചു.
ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങൾക്കിരയാവുന്ന ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും അവർ പറഞ്ഞു.