ഖത്തറിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയ പരിധി നൽകി
നിയമനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴ നൽകേണ്ടി വരും
ദോഹ: ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണത്തിന് സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയ പരിധി. നിയമനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴ നൽകേണ്ടി വരും. സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച അമീറിന്റെ നിർദേശം കഴിഞ്ഞ ദിവസമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. നിയമലംഘനം നടത്തുന്നവർ തടവും വൻതുക പിഴയും ഒടുക്കേണ്ടിവരും.
ലംഘനം കണ്ടെത്തിയാൽ സ്ഥാപനത്തിന് രേഖാ മൂലം മുന്നറിയിപ്പും. മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് താൽക്കാലികമായി ഇടപാടുകൾ തടയും. ഇതോടൊപ്പം പിഴയും ചുമത്തും. ആദ്യ തവണ നിയമലംഘനം നടത്തിയാൽ 10,000 റിയാലും ആവർത്തിച്ചാൽ 20,000 റിയാലും, വീണ്ടും നിയമലംഘനം നടത്തിയാൽ 30,000 റിയാലും പിഴ ലഭിക്കും. നിയമലംഘനത്തിന്റെ കാരണങ്ങൾ ബോധിപ്പിക്കാൻ അവസരം നൽകും.
വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ മേഖലയിലാണ് സ്വദേശിവൽകരണത്തിന് നിർദേശിച്ചിരിക്കുന്നത്.