റമദാനിൽ ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തർ എയർവേയ്‌സ്
പുണ്യമാസത്തിൽ ഉംറ നിർവഹിക്കാനായി പോകുന്ന വിശ്വാസികളെ കണക്കിലെടുത്താണ് സൗകര്യം പ്രഖ്യാപിച്ചത്.
Update: 2024-03-15 16:16 GMT
ദോഹ: റമദാനിൽ ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്. വിശുദ്ധ മാസത്തിൽ ധാരാളം മുസ്‍ലിംകൾ ഉംറ നിർവഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചതെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതൽ കൊണ്ടുവരാനാകും.
ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തർ എയർവേഴ്‌സിന് 35 സര്‍വീസുകളാണ് ജിദ്ദയിലേക്കുള്ളത്. കഴിഞ്ഞ വർഷം റമദാനിൽ 13.5 ദശലക്ഷം യാത്രക്കാരാണ് ദോഹയിൽ നിന്ന് ജിദ്ദയിലെത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. ഇത്തവണയും ദോഹയിൽ നിന്ന് ജിദ്ദയിലേക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.