ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന സ്ഥാപനങ്ങളെ ഖത്തര്‍ ആദരിക്കുന്നു

പ്രഥമ ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും.

Update: 2023-05-09 18:37 GMT
Advertising

ദോഹ: വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന സ്ഥാപനങ്ങളെ ഖത്തര്‍ ടൂറിസം ആദരിക്കുന്നു. പ്രഥമ ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും. മൂന്ന് വിഭാഗങ്ങളിലായി 50 അവാര്‍ഡുകളാണ് നല്‍കുന്നത്. വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ്‌‌ അവാര്‍ഡുകള്‍ നല്‍കുന്നത്. ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചക്കും കാര്യക്ഷമതക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി അംഗീകാരം നൽകുകയാണ് അവാർഡിന്റെ ലക്ഷ്യമെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു.

സർവീസ് എക്സലൻസ്, കൾച്ചറൽ എക്സ്പീരിയൻസ്, സ്മാർട്ട് സൊലൂഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകൾ തരം തിരിക്കുന്നത്. ഓരോന്നിലുമായി അനുബന്ധ വിഭാഗങ്ങൾ ഉൾപ്പെടെ 50 അവാർഡുകൾ പ്രഥമ ഖത്തർ ടൂറിസം അവാർഡായി പ്രഖ്യാപിക്കും. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി മേയ് 12 മുതൽ തങ്ങളുടെ എൻട്രികൾ സമർപ്പിക്കാം. ജൂലായ് 31ന് മുമ്പായി എൻട്രികൾ സമർപ്പിച്ചിരിക്കണം. ലഭ്യമായ മുഴുവൻ അപേക്ഷകളിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ അന്തിമ വിധി നിർണയത്തിനായി വിദഗ്ധർ അടങ്ങിയ ജഡ്ജജിങ് പാനലിനു കൈമാറും. നവംബർ 10ന് നടക്കുന്ന അവാർഡ് നിശയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിക്കും.

അപേക്ഷകൾ ഖത്തർ ടൂറിസം വിലയിരുത്തിയ ശേഷം, ആവശ്യമെങ്കിൽ അഭിമുഖവും നടത്തിയാവും ഷോർട് ലിസ്റ്റ് ചെയ്യുക. തുടർന്ന് ചുരുക്കപ്പട്ടികയിലുള്ളവരിൽ നിന്നും ജഡ്ജിങ് പാനൽ വിജയികളെ കണ്ടെത്തും. വാർത്താ സമ്മേളനത്തിൽ ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, ചീഫ് ഓപറേറ്റിങ് ഓഫീസർ ബ്രെതോൽഡ് ട്രെങ്കൽ എന്നിവർ പങ്കെടുത്തു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News