ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ സമാപിച്ചു
അൽ അറബി സ്‌പോർട്‌സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് ഉത്സവാന്തരീക്ഷത്തിലാണ് കൊട്ടിക്കലാശം കുറിച്ചത്. പ്രമുഖ ഖവാലി ഗായകൻ ഡാനിഷ് ഹുസൈൻ ബദായുനിയുടെ സൂഫി സംഗീത വിരുന്ന് ദോഹക്ക് നവ്യാനുഭവമായി.
ദോഹ: ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ് കൊടിയിറങ്ങി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 19 ദിവസം നീണ്ട ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഐസിസി സംഘടിപ്പിച്ചിരുന്നത്.
അൽ അറബി സ്‌പോർട്‌സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് ഉത്സവാന്തരീക്ഷത്തിലാണ് കൊട്ടിക്കലാശം കുറിച്ചത്. പ്രമുഖ ഖവാലി ഗായകൻ ഡാനിഷ് ഹുസൈൻ ബദായുനിയുടെ സൂഫി സംഗീത വിരുന്ന് ദോഹക്ക് നവ്യാനുഭവമായി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർ വൈവിധ്യമാർന്ന പരിപാടികളുമായി അരങ്ങിലെത്തി.
ദേശഭക്തി ഗാനങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുടെ സ്മരണകളും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പകിട്ട് കൂട്ടി. സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ മുഖ്യതിഥിയായിരുന്നു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ലെഫ്‌നന്റ് കേണൽ റാഷിദ് അൽ ഖയാറിൻ, മേജർ തലാൽ നാസർ അൽ മദൂരി, അഷ്‌റ അബു ഇസ്സ, എന്നിവർ പങ്കെടുത്തു, ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജൻ അധ്യക്ഷത വഹിച്ചു.