ഖത്തറിൽ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധനാ കാമ്പയിൻ ആരംഭിച്ചു
ഖത്തറിന്റെ ജൈവവൈവിധ്യവും പ്രാദേശിക ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കാമ്പയിൻ
ദോഹ: ഖത്തറിൽ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധനാ കാമ്പയിൻ ആരംഭിച്ചു. ഖത്തറിന്റെ ജൈവവൈവിധ്യവും പ്രാദേശിക ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കാമ്പയിൻ. ജൂൺ 22 വരെ നീളുന്ന കാമ്പയിനിൽ രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ തീരപ്രദേശങ്ങളിൽ പരിശോധന നടത്തും.
പരിസ്ഥിതി നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ ഭവിഷ്യത്തുകളും ജനങ്ങളെ ബോധവത്കരിക്കും. പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റു പിക്‌നിക് സ്ഥലങ്ങളിലും കൂടുതൽ സന്ദർശകരെത്തുന്നതിനാൽ പരിസ്ഥിതിനാശ പ്രവർത്തനങ്ങളും ഈ സമയത്ത് കൂടുതലാണ്. നിരോധിത സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും അനുമതിയില്ലാത്ത ഇടങ്ങളിൽ ഒട്ടകങ്ങളെ മേയാൻ വിടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ബീച്ചുകളിൽ ശുചീകരണ കാമ്പയിൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.