പ്രതിരോധ മേഖലയില്‍ ചെലവഴിച്ചത് ഒന്നേകാല്‍ ലക്ഷം കോടി; ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമത്
ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് ഖത്തര്‍ പ്രതിരോധ മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത്.
ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമത്. ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് ഖത്തര്‍ പ്രതിരോധ മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത്. സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലോകരാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനും സുരക്ഷയ്ക്കുമായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടത്.
ലോകകപ്പ് ഫുട്ബോള്‍ നടന്ന വര്‍ഷം എന്ന നിലയില്‍ ഖത്തറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു 2022. 15.4 ബില്യണ്‍ യൂറോ അതായത് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കോടി രൂപയാണ് ഖത്തര്‍ ചെലവഴിച്ചത്. സൈനിക ചെലവുകള്‍ക്ക് പണം ചെലവഴിച്ചതില്‍ മേഖലയില്‍ രണ്ടാമതുള്ള ഖത്തര്‍ ആഗോള തലത്തില്‍ 20-ാം സ്ഥാനത്തുണ്ട്. മേഖലയില്‍ സൌദിയാണ് ഒന്നാമത്. 75 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. രാജ്യത്തിന്‍റെ ആകെ വരുമാനത്തിന്‍റെ ഏഴ് ശതമാനമാണ് ഖത്തര്‍ പ്രതിരോധത്തിനായി മാറ്റിവെച്ചത്. ഇക്കാര്യത്തില്‍ മൂന്നാമതുള്ള ഖത്തറിന് മുന്നിലുള്ളത് സൌദിയും യുക്രൈനുമാണ്.
റഷ്യയുമായുള്ള യുദ്ധം കാരണം ജി.ഡി.പിയുടെ 34 ശതമാനവും യുക്രൈന്‍ ചെലവഴിക്കുന്നത് സൈനികാവശ്യങ്ങള്‍ക്കാണ്. 2010 നെ അപേക്ഷിച്ച് ഖത്തറിന്‍റെ പ്രതിരോധ ചെലവില്‍ 434 ശതമാനമാണ് വര്‍ധന. ലോകത്തെ പ്രധാന ആയുധ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിലും ഖത്തറുണ്ട്. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും 36 വീതം യുദ്ധ വിമാനങ്ങള്‍, ബ്രിട്ടണില്‍ നിന്ന് എട്ട് യുദ്ധവിമാനങ്ങള്‍, ഇറ്റലിയില്‍ നിന്ന് മൂന്ന് യുദ്ധക്കപ്പലുകള്‍ എന്നിവ ഖത്തര്‍ വാങ്ങിയതായി സിപ്‍രിയുടെ കണക്കുകള്‍ പറയുന്നു.