അമേരിക്കയിൽ നിന്ന് ആളില്ലാ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഖത്തർ
എട്ട് വിമാനങ്ങളാണ് അമേരിക്ക ഖത്തറിന് കൈമാറുക


ദോഹ: അമേരിക്കയിൽ നിന്ന് ആളില്ലാ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഖത്തർ. 196 കോടി ഡോളറിന്റെ കരാറിന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. അമേരിക്കൻ എയർ ഫോഴ്‌സിനായി ജനറൽ ആറ്റമിക്‌സ് എയ്‌റോനോട്ടിക്കൽ സിസ്റ്റംസ് വികസിപ്പിച്ച ആളില്ലാ വിമാനമായ എംക്യു 9 റീപ്പർ, അഥവാ
പ്രിഡേറ്റർ ബിയാണ് ഖത്തർ വാങ്ങുന്നത്. എട്ട് വിമാനങ്ങളാണ് അമേരിക്ക ഖത്തറിന് കൈമാറുക. മേഖലയിലെ പ്രക്ഷുബ്ധ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാനും നിരീക്ഷണങ്ങൾക്കും ഇത് പ്രയോജനപ്പെടും.
സുരക്ഷാ, സൈനിക ഉപകരങ്ങൾക്ക് വേണ്ടി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തർ വൻ തുക ചെലഴിക്കുന്നുണ്ട്. 2020-24 വരെയുള്ള കാലയളവിൽ ആയുധ ഇറക്കുമതിയിൽ ആഗോള തലത്തിൽ തന്നെ ഖത്തർ മൂന്നാമതാണ്. 42 യുദ്ധവിമാനങ്ങൾ അമേരിക്കയിൽ നിന്നും 31 എണ്ണം ബ്രിട്ടനിൽ നിന്നും 16 എണ്ണം ഫ്രാൻസിൽ നിന്നും കഴിഞ്ഞ നാല് വർഷത്തിനിടെ ഖത്തർ വാങ്ങി. ഖത്തറിന്റെ ആയുധ ഇറക്കുമതിയിൽ 48 ശതമാനവും അമേരിക്കയിൽ നിന്നാണ്.