ഇനി ലോകകപ്പ് മൈതാനത്തേക്കില്ലെന്ന് തുർക്കിക്കാരൻ ഷെഫ് സാൾട്ട് ബേ
ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്‌ബേ പങ്കെടുത്തത് വിവാദമായിരുന്നു
ഇനി ലോകകപ്പ് മൈതാനത്തേക്കില്ലെന്ന് തുർക്കിക്കാരൻ സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേ. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്‌ബേ പങ്കെടുത്തത് വിവാദമായിരുന്നു.
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ച് അർജൻറീന കിരീടം ചൂടിയതിന്റെ ആഘോഷത്തിനിടയിലാണ് സാൾട്ട് ബേയെ ചുറ്റിപ്പറ്റി വിവാദം തുടങ്ങിയത്. സമ്മാനദാന ചടങ്ങിന് ശേഷം മൈതാനത്തേക്കിറങ്ങിയ സാൾട്ട് ബേ അർജൻറീന കളിക്കാർക്കും ലോകകപ്പ് ട്രോഫിക്കുമൊപ്പം ഫോട്ടോ എടുക്കുകയും ട്രോഫി കൈയിലെടുക്കുകയും ചെയ്തു. തന്റെ സ്വതസിദ്ധമായ ൈശലിയിൽ ഉപ്പു വിതറുന്നതിനെ അനുകരിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഫിഫ ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തി പിന്നാലെ വിവാദമായി. ഫിഫ അന്വേഷണം പ്രഖ്യാപിക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്തു. സംഭവത്തിനു പിന്നാലെ മൗനിയായ സാൾട്ട് ബേ ഒടുവിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇനി ഒരിക്കലും ലോകകപ്പ് മൈതാനത്ത് കാലുകുത്തില്ല. അർജൻറീനയോടുള്ള എന്റെ സ്നേഹവും അപ്പോഴുണ്ടായ ആവേശവും കാരണമാണ് അങ്ങനെ സംഭവിച്ചത്. പ്രശസ്തിക്ക് വേണ്ടിയല്ല മൈതാനത്തിറങ്ങിയതെന്നും, അപ്പോഴത്തെ ഒരു തോന്നലിൽ സംഭിച്ചതാണ് അതെന്നും അദ്ദഹം പറഞ്ഞു.