പ്രതിവര്‍ഷം 150 കോടി റിയാല്‍; മെസിക്ക് വൻതുക ഓഫർ ചെയ്ത് സൗദി അല്‍ ഹിലാല്‍ ക്ലബ്ബ്
പ്രതിവർഷം 22 കോടി ഡോളറിനാണ് ക്രിസ്ത്യാനോ റൊണാൾഡോ അല്‍ നസ്റിൽ ചേർന്നത്
റിയാദ്: ഫുട്ബോൾ താരം ലയണൽ മെസിക്ക് 150 കോടി റിയാൽ പ്രതിവർഷ പ്രതിഫലം ഓഫർ ചെയ്ത് സൗദിയിലെ അൽ ഹിലാൽ ക്ലബ്ബ്. പ്രതിവർഷം 150 കോടി റിയാൽ വാഗ്ദാനം ചെയ്തതായി മെസിയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിൽ അൽഹിലാലിൽ ചേരുന്നതിന് മെസിക്ക് ഔദ്യോഗിക ഓഫർ ക്ലബ്ബ് നൽകിയിട്ടുണ്ട്. ഇതുവരെ മെസിക്ക് ലഭിച്ച ഏക ഓഫറാണിത്. പി.എസ്.ജിയിൽ നിന്നും പിൻവാങ്ങുന്ന താരം ഏത് ക്ലബ്ബിലേക്കാണെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
പ്രതിവർഷം 150 കോടി റിയാൽ അഥവാ 3200 കോടി രൂപ ആണ് അൽഹിലാൽ ക്ലബ്ബ് മെസിക്ക് വാഗ്ദാനം ചെയ്തതെന്ന് അർജന്‍റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിവർഷം 22 കോടി ഡോളറിനാണ് ക്രിസ്ത്യാനോ റൊണാൾഡോ അല്‍ നസ്റിൽ ചേർന്നത്. 35 കാരനായ മെസി ബാഴ്‌സലോണയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര പോയതിന്‍റെ പേരിൽ പാരീസ് സെന്‍റ് ജെർമെയ്ൻ ക്ലബ്ബ് മെസിയെ സസ്‌പെൻഡ് ചെയ്തതായി ഫ്രഞ്ച് സ്‌പോർട്‌സ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം സീസണിലേക്ക് കരാർ പുതുക്കാനുള്ള ഓപ്ഷൻ ഉപയോഗിക്കേണ്ടതില്ലെന്നും പാരീസ് സെന്‍റ് ജെർമെയ്ൻ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് മെസി.