ഏഴാമത് ഗ്ലോബൽ ഹെൽത്ത് ഫോറം; സൗദിയിൽ പതിനൊന്ന് ലക്ഷം കോടി രൂപയുടെ കരാറുകളിൽ ഒപ്പുവെച്ചു
നിലവിൽ ജി20 രാജ്യങ്ങളിൽ മുൻ നിരയിലാണ് സൗദി ഫാർമസ്യൂട്ടിക്കൽ മേഖല
റിയാദ്: സൗദിയിലെ റിയാദിൽ നടന്ന ഗ്ലോബൽ ഹെൽത് ഫോറത്തിന്റെ ഭാഗമായി പതിനൊന്ന് ലക്ഷം കോടി രൂപയുടെ കരാറുകൾ ഒപ്പിട്ടു. ഏഴാമത് ഗ്ലോബൽ ഹെൽത്ത് ഫോറത്തിന്റെ ഭാഗമായാണ് കരാറുകൾ ഒപ്പുവെച്ചത്. ആരോഗ്യമേഖലയിലെ നിക്ഷേപങ്ങളുടെയും, കരാറുകളുടേയും മൊത്ത മൂല്യവും പ്രഖ്യാപിച്ചു. 50 ബില്ല്യൺ റിയാലിൽ കൂടുതലാണിത്. ഇതിൽ സൗദിയിലെ ആരോഗ്യ മേഖലയിലേക്കുള്ള പുതിയ നിക്ഷേപങ്ങളും ഉൾപെടും. ഈ രംഗത്ത് നടക്കാൻ പോകുന്ന പദ്ധതികളുടെ വിശദാംശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് വിപണിയുടെ നിലവിലെ മൂല്യം 40 ബില്ല്യൺ റിയാലാണ്, 2030 ഓടെ ഇത് 80 ബില്ല്യൺ റിയാലിലെത്തും. 12 ദശലക്ഷം തൊഴിലാളികളും കുടുംബങ്ങളും ഇതിനകം ഇൻഷുറൻസ് എടുത്തിട്ടുണ്ട്. 170 ൽ കൂടുതൽ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കും. ആരോഗ്യ പരിശീലന ബോർഡിലെ സീറ്റുകളുടെ എണ്ണം 7000 ആയി ഉയർത്തും. ആരോഗ്യ ബോർഡിൽ 3000 പുതിയ ആരോഗ്യ പ്രവർത്തകരെ നിയമിക്കും.
നിലവിൽ ജി20 രാജ്യങ്ങളിൽ മുൻ നിരയിലാണ് സൗദി ഫാർമസ്യൂട്ടിക്കൽ മേഖല. 2030 ഓടെ മേഖല 72 ബില്ല്യൺ റിയാൽ മൂല്യത്തിലേക്ക് വളരും. ഈ വർഷം ആരോഗ്യ മേഖലയിൽ തൊഴിലിനായി പ്രവേശിച്ചത് 364,000 ജീവനക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന കണക്കാണിത്. ഫാർമസി, ഡെന്റൽ പോലുള്ള 50 തൊഴിൽ മേഖലകളിൽ ഇത്തവണ പ്രാദേശികവൽക്കരണവും നടപ്പിലാക്കിയിട്ടുണ്ട്.