സൌദിയിൽ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം പിടിയില്‍
13 പാകിസ്ഥാൻ പൌരന്മാരാണ് പിടിയിയാലത്. ഇവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു
റിയാദ്: സൌദിയിൽ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം പിടിയിലായി. 13 പാകിസ്ഥാൻ പൌരന്മാരാണ് പിടിയിയാലത്. ഇവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു. വ്യാജപേരിൽ ആൾമാറാട്ടം നടത്തി നിരവധി ആളുകളെ കബളിപ്പിച്ചതിനാണ് 13 പാകിസ്ഥാൻ പൗരന്മാരെ ദമ്മാം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തികളെ ഫോണിൽ വിളിച്ച് ബാങ്ക് വിവരങ്ങൾ ചോദിച്ചറിഞ്ഞ് പണം തട്ടുകയായിരുന്നു ഇവരുടെ രീതി. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന നിരവധി സ്വദേശികളേയും പ്രവാസികളേയും ഇവർ തട്ടിപ്പിനിരയാക്കി.
എ.ടി.എം കാർഡുകളും ബാങ്ക് എക്കൌണ്ടുകളും ബ്ലോക്ക് ചെയ്യാതിരിക്കാൻ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കും. വ്യക്തിഗത വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഉപഭോക്താക്കളുടെ അക്കൌണ്ടിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കും. ഇതിനിടെ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി തന്ത്രത്തിൽ ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.
സൌദിക്ക് പുറത്തുള്ള മറ്റൊരു പാകിസ്ഥാൻ പൌരൻ്റെ സഹായവും ഇവർക്ക് ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് 28 മൊബൈൽ ഫോണുകളും 30 സിം കാർഡുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അജ്ഞാതർക്ക് ഫോണിലൂടെ നൽകരുതന്നും, ഇത്തരം ഫോണ് കാളുകൾ ലഭിക്കുന്നവർ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.