ബാഗിൽ ബോബൊന്നുമില്ലെന്ന കലിപ്പൻ മറുപടി; ഒടുവിൽ ഒരു മാസത്തെ ജയിലും നാട് കടത്തലും ശിക്ഷ
സംശയകരമായ രീതിയിൽ പെരുമാറിയ തമിഴ്നാട് സ്വദേശി എയർപോർട്ട് സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലാവുകയായിരുന്നു
ദമ്മാം: ബാഗേജിൽ എന്താണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന മറുപടി നൽകിയ ഇന്ത്യക്കാരൻ സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ പിടിയിലായി. സംശയകരമായ രീതിയിൽ പെരുമാറിയ തമിഴ്നാട് സ്വദേശിക്ക് ഒടുവിൽ ഒരുമാസത്തെ ജയിൽവാസവും നാട് കടത്തലും ശിക്ഷ. സുരക്ഷാ ജീവനക്കാരോട് സഹകരിക്കാത്തതിനും മോശമായി പെരുമാറിയതിനുമാണ് ശിക്ഷ.
കഴിഞ്ഞ ദിവസം ദുബൈയിലേക്ക് യാത്രപോകാന് ദമ്മാം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയാണ് എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ഫ്ളൈദുബൈ വിമാനത്തിൽ ടിക്കറ്റെടുത്ത ഇദ്ദേഹം ബാഗേജ് ചെക്കിങ്ങിനിടെയാണ് പിടിയിലാകുന്നത്. ബാഗിലെന്താണെന്ന് ആവർത്തിച്ച് ചോദിച്ച എയർപോർട്ട് ഉദ്യോഗസ്ഥയോട് ക്ഷുഭിതനായ യാത്രക്കാരന് ബാഗിൽ ബോംബൊന്നുമില്ലെന്ന മറുപടി നൽകി. ഇത് ഉദ്യോഗസ്ഥ എയർപോർട്ട് സുരക്ഷാ വിഭാഗത്തെ അറിയിച്ചതോടെ കുതിച്ചെത്തിയ ഡോഗ് സ്വക്വാഡ് ഉള്പ്പെടുന്ന സുരക്ഷാ വിഭാഗം യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി ഒരു മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്താൻ ഉത്തരവിടുകയും ചെയ്തതായി സംഭവത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു. ദമ്മാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യൻ എംബസിക്ക് പരാതി നല്കിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. എംബസി സഹായത്തോടെ നിയമസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് വന്നതിനാൽ ശ്രമങ്ങൾ വിജയിച്ചില്ല. വർഷങ്ങളായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ മാനേജറായി ജോലി ചെയ്തു വരികയാണ് പിടിയിലായ വ്യക്തി.