അബ്ദുൽ റഹീമിന്റെ മോചനം: ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി

കേസിലെ മോചനത്തിനായുള്ള ഫയൽ നീക്കം തുടരുകയാണ്

Update: 2024-09-09 17:02 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി. ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. റഹീം കേസിന്റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലുമാണ് പിന്തുടരുന്നത്. റിയാദിലെ നിയമസഹായ സമിതി വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദിയാധനം നൽകി കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ ജയിൽ മോചനത്തിന് കടമ്പകൾ ഏറെയാണ്. കേസിൽ പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണം.

കേസ് അന്വേഷിച്ചു കോടതി റിപ്പോർട്ട് നൽകുന്ന പബ്ലിക് പ്രോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട ഫയൽ കോടതിക്ക് ഇന്നലെ കൈമാറിയിട്ടുണ്ട്. അറ്റോണി സിദ്ദീഖ് തുവ്വൂരാണ് ഇക്കാര്യം അറിയിച്ചത്. ഇനി വൈകാതെ കോടതി മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷ. മോചനത്തിനുള്ള ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്സ്പോർട്ട് വിഭാഗം ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്ര രേഖ നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി സൗദി വിടാം. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിലായിരുന്നു മോചനത്തിലേക്കുള്ള വഴികൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News