സൗദിയിലെ എ.ഐ ഉച്ചകോടി ചൈനീസ് അമേരിക്കൻ കമ്പനികളുടെ സംഗമവേദിയായി മാറി
എഴുപതോളം കരാറുകളാണ് ഉച്ചകോടിയിൽ ഒപ്പുവെക്കുന്നത്
റിയാദ്: സൗദിയിലെ എ.ഐ ഉച്ചകോടി ചൈനീസ് അമേരിക്കൻ കമ്പനികളുടെ സംഗമവേദിയായി മാറി. എഴുപതോളം കരാറുകളാണ് ഉച്ചകോടിയിൽ ഒപ്പുവെക്കുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ തുടങ്ങിയ ഭീമന്മാരും ഉച്ചകോടിയുടെ ഭാഗമായിരുന്നു. ചൈനയുടെ അലിബാബ, ഹുആവേ, ഗൂഗ്ൾ എന്നിവരുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ കഴിഞ്ഞവർഷം സൗദിയിൽ നിന്ന് നേടിയത് പത്തിരട്ടി വളർച്ചയാണ്.
എ.ഐ രംഗത്ത് പരമാവധി നിക്ഷേപം നടത്തുകയാണ് സൗദി അറേബ്യ. അതിന്റെ പ്രതിഫലനം കൂടിയായിരുന്നു റിയാദിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ വേദി. ഡെൽ, സീമെൻസ്, ഒറാക്ൾ, ഐബിഎം തുടങ്ങിയ കമ്പനികളും ഉച്ചകോടിയിൽ സജീവമായിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സൗദി വിഷൻ 2030 ന്റെ ഭാഗമാണ് എ.ഐ രംഗത്തെ നീക്കങ്ങൾ. സൗദി അരാംകോയും എ.ഐ സാങ്കേതിക വിദ്യക്കായി പ്രത്യേകം ശ്രദ്ധ തുടരുന്നുണ്ട്. 2030 ഓടെ സൗദി സമ്പദ്വ്യവസ്ഥയിലേക്ക് 12% സംഭാവന ചെയ്യാൻ എഐക്ക് സാധിക്കും. സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ പുതിയ റിപ്പോർട്ടിൽ ഇക്കാര്യം പുറത്ത് വിട്ടിരുന്നു. വൈകാതെ എഐ വിപണി 29% വാർഷിക നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷ. സൗദിയിലെ ഗവൺമെന്റ് ഏജൻസികളും എ.ഐ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഗെയിൻ ഉച്ചകോടി സൗദി അറേബ്യയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുക മാത്രമല്ല, ആഗോള സാങ്കേതിക രംഗത്തെ ഒരു നിർണായക കളിക്കാരനായി രാജ്യത്തെ സ്ഥാപിക്കുന്നതായും അതോറിറ്റി വ്യക്തമാക്കുന്നു.