ലോകക്കപ്പിന് മദ്യം വിളമ്പില്ല; നിലപാട് വ്യക്തമാക്കി സൗദി
2034ലാണ് സൗദി അറേബ്യ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കുന്നത്
റിയാദ്: രാജ്യത്ത് നടക്കാനിരിക്കുന്ന ലോകക്കപ്പിൽ മദ്യം വിളമ്പില്ലെന്ന് സൗദി അറേബ്യ ഫിഫയെ അറിയിച്ചു. പ്രാദേശിക നിയമങ്ങൾ മാറ്റാൻ സൗദിയിലെ നിർബന്ധിക്കില്ലെന്ന് ഫിഫയുടെ തലപ്പത്തുള്ളവരും അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. മദ്യത്തിന് വിലക്കുള്ള രാജ്യമായ സൗദിയിൽ നയതന്ത്ര സോണുകളിൽ ഉപാധികളോടെ മാത്രമാണ് നിലവിൽ ഇവ അനുവദിക്കുന്നത്.
2034ലാണ് സൗദി അറേബ്യ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കുക. ലോകക്കപ്പുകളിലെത്തുന്നവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് മദ്യത്തിനും ലഹരിക്കുമായാണ്. ഇത് അനുവദിക്കില്ലെന്നാണ് സൗദി അറേബ്യ തുടക്കം മുതലേ ഫിഫയെ അറിയിച്ചത്. ഇതിൽ ഫിഫയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൗദിയുടെ പ്രാദേശിക നിയമം അംഗീകരിക്കുമെന്ന് തലപ്പത്തുള്ളവർ പറയുന്നു. ഗാർഡിയൻ ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഫിഫയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദിയിൽ നിലവിൽ ഒരു കട മാത്രമാണ് മദ്യത്തിനായുള്ളത്. അത് നയതന്ത്ര ഉദ്യോഗസ്ഥർക്ക് മദ്യം നൽകാനായുള്ളതാണ്. സൗദിയിലെ വിദേശ എംബസികൾക്കും കോൺസുലേറ്റുകൾക്കും യുഎൻ നിയമമനുസരിച്ച് മദ്യം ഡിപ്ലോമാറ്റിക് മേഖലയിൽ ഉപയോഗിക്കാൻ അനുമതിയുണ്ട്. ഇതു ദുരുപയോഗം ചെയ്ത് സ്പിരിറ്റ് വ്യാപകമായി എത്തുന്നത് തടയാനാണ് നിശ്ചിത ക്വാട്ടകൾ റിയാദിലെ പ്രത്യേക കേന്ദ്രം വഴിയാക്കിയത്. ഇതൊഴികെ സൗദിയിൽ ഒരിടത്തും വൻകിട ഹോട്ടലുകളിൽ വരെ മദ്യം നൽകുന്നില്ല.
ടൂറിസത്തിന് വേണ്ടി 1952 മുതൽ നിരോധനമുള്ള മദ്യം സൗദിയിൽ അനുവദിക്കില്ലെന്ന് നേരത്തെ ടൂറിസം മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഫിഫ സൗദിക്ക് ഈ വിഷയത്തിൽ നിലപാടെടുക്കാൻ സ്വാതന്ത്ര്യം നൽകിയെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. 2728 കോടി റിയാൽ സൗദി അരാംകോ ഫിഫക്ക് സ്പോൺസർഷിപ്പിലൂടെ നൽകുന്നുണ്ട്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലെ സ്ട്രീമിങ് കമ്പനിയായ ഡാസന് 6831 കോടിയാണ് ക്ലബ് വേൾഡ് കപ്പിന്റെ സംപ്രേഷണത്തിനായി ഫിഫക്ക് നൽകിയത്. ഫിഫ പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ സൗദിയിലെ മിക്ക പരിപാടികളിലും സന്ദർശകരാണ്. ഈ രൂപത്തിൽ വൻതോതിൽ സാമ്പത്തിക സഹായം സൗദി ഫിഫക്ക് നൽകുന്നുണ്ട്. ഇതിനാൽ തന്നെ സൗദിക്കൊപ്പം വിഷയത്തിൽ ഫിഫ നിൽക്കുമെന്നും മാധ്യമങ്ങൾ പറയുന്നു.