മദീനയിൽ കച്ചവട സ്ഥാപനങ്ങൾ വർധിക്കുന്നു
പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
റിയാദ്: മദീനയിൽ ബിസിനസ് രംഗത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഥാപനങ്ങളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിലധികം വർധനവുണ്ടായി. പ്രവാസികൾക്കുൾപ്പെടെ വിവിധ മേഖലകളിൽ നിക്ഷേപത്തിന് അവസരമൊരുക്കികൊണ്ടാണ് മദീന ചേംബർ ലൈൻസുകൾ അനുവദിക്കുന്നത്. ഈ വർഷം മാർച്ച് അവസാനം വരെ വിവിധ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനായി 1,03,370 സാമ്പത്തിക ലൈസൻസുകളാണ് മദീന ചേംബർ അനുവദിച്ചത്.
മൊത്ത-ചില്ലറ വ്യാപാര മേഖലയിലാണ് ഏറ്റവും കുടുതൽ സ്ഥാപനങ്ങൾ. ഈ വർഷം ആദ്യ മൂന്ന് മാസത്തിലെ കണക്കനുസരിച്ച് 35,117 സ്ഥാപനങ്ങൾ മൊത്ത-ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നു. കോൺട്രാക്ടിംഗ് മേഖലയാണ് രണ്ടാം സ്ഥാനത്ത്. 25,534 സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. പതിനായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റസ്റ്റോറന്റ്് ആന്റ് കാറ്ററിംഗ് മേഖലയാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മദീനയിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 10.8 ശതമാനം വർധന രേഖപ്പെടുത്തി. ആരോഗ്യ സംരക്ഷണ മേഖലയിലും സാമ്പത്തിക പ്രവർത്തന മേഖലയിലും സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ മറ്റു 18 മേഖലകളിലും വൻ വർധനവാണുണ്ടായത്. നിക്ഷേപകരേയും വ്യവസായികളേയും ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ മദീന ചേംബറിന് കീഴിൽ നടപ്പിലാക്കി വരുന്നുണ്ട്. പ്രവാസികൾക്കും വിവിധ മേഖലകളിൽ നിക്ഷേപത്തിന് കൂടുതൽ അവസരമൊരുക്കി കൊണ്ടാണ് മദീന ചേംബർ ലൈസൻസുകൾ അനുവദിക്കുന്നത്.