അർജന്റീനക്കെതിരായ അട്ടിമറി ജയം: സൗദിയിൽ നാളെ പൊതുഅവധി

മുഴുവൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Update: 2022-11-22 16:14 GMT
Editor : afsal137 | By : Web Desk
Advertising

ജിദ്ദ: ഖത്തർ ഫുട്‌ബോൾ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജൻറീനയെ അട്ടിമറിച്ച് വിജയിച്ചതിനു പിന്നാലെ നാളെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. മുഴുവൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 

ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അർജന്റീനയെ സൗദി അറേബ്യ 2-1 ന് പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജൻറീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.

53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. എട്ടു മിനുട്ട് അധികസമയം വരെ മത്സരം മുറുകിയിട്ടും അർജൻറീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി.

തുടർച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അർജൻറീനയുടെ കുതിപ്പിനാണ് അവർ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി കണ്ണീരിൽ കുതിർത്തത്. പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജൻറീനയ്ക്ക് മുതലാക്കാനായില്ല. 80ാം മിനുട്ടിൽ അർജൻറീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അർജൻറീനയ്ക്ക് പെനാൽട്ടി ലഭിച്ചത്. തുടർന്ന് നായകൻ മെസ്സി നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയിൽ കയറ്റിയെങ്കിലും ഓഫ്സൈഡ് റഫറി ഓഫ്സൈഡ് കൊടിയുയർത്തി.

27ാം മിനുട്ടിൽ ലൗറ്റാരോ മാർട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാർ കെണിയിൽ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്സൈഡ് കൊടി അർജൻറീനക്കെതിരെ ഉയർന്നു. മാർട്ടിനൻസിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാർ വാൾ വീശിയത്. ഇന്ന് ഗോൾ നേടിയതോടെ ലയണൽ മെസ്സി അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ലോകകപ്പ് ഗോൾ സ്‌കോററായി. 35 വർഷവും 151 ദിവസവുമാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ വയസ്സ്. അർജൻറീനയുടെയും സൗദിയുടേയും ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News