തെക്കെപുറം ദമ്മാം ഫുട്ബാൾ മാമാങ്കം വെള്ളിയാഴ്ച ആരംഭിക്കും
ദമ്മാം കോഴിക്കോട് തെക്കേപ്പുറം ഫുട്ബാൾ മാമാങ്കത്തിന് ഡിസംബർ 15 ന് തുടക്കം കുറിക്കും. കോഴിക്കോട്ടെ തെക്കേപ്പുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാമാണ് മുപ്പത്തിയെട്ടാമത് സ്കൈവർത്ത് തെക്കേപ്പുറം ദമ്മാം ഫുട്ബോൾ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
നാഷണൽ ഓയിൽ സൊല്യൂഷൻസ് ആണ് പ്രായോജകർ. ജനുവരി അഞ്ച് വരെ നാലാഴ്ചകളായി നടക്കുന്ന മത്സരങ്ങൾ വൈകിട്ട് എട്ട് മണി മുതൽ ദമ്മാംഅൽഹദഫ് സ്റ്റേഡിയത്തിൽ നടക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ നിന്നായി 172 കളിക്കാരാണ് ആറ് ഫ്രാൻഞ്ചൈസികളിലായി ലീഗ് അടിസ്ഥാനത്തിൽ മാറ്റുരക്കുന്നതെന്ന് എഫ്.സി.ഡി ഭാരവാഹികൾ ദമ്മാമിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. കളികളുടെ ലൈവ് പ്രദർശനം ഓൺലൈനിൽ ലഭ്യമാക്കുമെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
മേളയുടെ ഭാഗമായി സീനിയർ വിഭാഗത്തിൽ പെട്ട കളിക്കാരുടെ പ്രതീകാത്മക ലേലം വിളിയും സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൈവർത്ത് സെയിൽസ് ഓഫീസർ സി.കെ.വി അഷ്‌റഫ് ടൂർണമെന്റ് ലോഗോയും കെ.വി റസ്സു ഫ്രൈഡേ ക്ലബ് ദമ്മാം ഒഫീഷ്യൽ ലോഗോയും പ്രകാശനും ചെയ്തു. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഇൻതികാഫ്, സാബിത്, മുഹമ്മദ്അലി, ജംഷിദ്, ഡാനിഷ്, ഇർഫാൻ എന്നിവർ പങ്കെടുത്തു.