സൗദിയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഇനി ഡിജിറ്റൽ വാലറ്റിലൂടെ മാത്രം

ജനുവരി മുതൽ ശമ്പളം പണമായി നൽകരുത്

Update: 2024-12-11 16:49 GMT
Advertising

ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ പണമായി കൈമാറാൻ പാടില്ലെന്ന് നിർദ്ദേശം. അംഗീകൃത ഡിജിറ്റൽ വാലറ്റ് വഴി മാത്രമേ ശമ്പളം നൽകാവുവെന്ന് മുസാനെദ് പ്ലാറ്റ് ഫോം തൊഴിലുടമകളെ അറിയിച്ചു. ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക തൊഴിൽ വിസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകും പുതിയ മാറ്റം.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെയും കൂടുതൽ വിശ്വസനീയമാക്കുന്നതിന്റെയും ഭാഗമായാണ് വേതന കൈമാറ്റം ഡിജിറ്റൽ വാലറ്റ് വഴിയാക്കാനുള്ള തീരുമാനം. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. നാലോ അതിൽ കൂടുതലോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി ഒന്ന് മുതൽ ചട്ടം ബാധകമാകും. 2025 ജൂലൈ ഒന്ന് മുതൽ മൂന്നോ അതിലധികമോ ജീവനക്കാരുളള തൊഴിലുടമകളും വേതനം ഡിജിറ്റൽ വാലറ്റ് വഴി നൽകണം. രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവർ 2025 ഓക്ടോബർ ഒന്ന് മുതലും പുതിയ സംവിധാനത്തിലേക്ക് മാറേണ്ടതാണ്.

നിലവിൽ പുതിയ വിസയിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ജൂലൈ ഒന്ന് മുതൽ തന്നെ ഡിജിറ്റൽ വാലറ്റ് വഴിയാണ് ശമ്പളം വിതരണം ചെയ്തുവരുന്നത്. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഡിജിറ്റൽ വാലറ്റിലൂടെ മാത്രമേ വേതനം നൽകാൻ പാടുള്ളൂ. മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ് ഫോം ഇക്കാര്യം തൊഴിലുടമകളെ അറിയിച്ചിട്ടുണ്ട്.

വേതനം ലഭിക്കാത്തതുൾപ്പെടെയുള്ള തൊഴിൽ തർക്കങ്ങളിൽ ഡിജിറ്റൽ വാലറ്റ് വഴിയുള്ള ഇടപാടുകൾ തെളിവായി പരിഗണിക്കും. ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക വിസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരിക്കും പുതിയ മാറ്റം. ഇത്തരക്കാരുടെ വേതനം ഡിജിറ്റൽ വാലറ്റ് വഴി വിതരണം ചെയ്തതായി യഥാർത്ഥ സ്‌പോൺസർക്ക് തെളിയിക്കേണ്ടതായി വരും. തൊഴിലാളികളുടെയും തൊഴിലുടമകളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. അതിന്റെ ഭാഗമായാണ് ശമ്പള വിതരണം ഡിജിറ്റൽ വാലറ്റ് വഴിയാക്കാനുള്ള തീരുമാനവും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News