ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചു
ഹജ്ജ് പെർമിറ്റ്, ഉംറ പെർമിറ്റ്, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു
മക്ക: ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചു. നാളെ മുതൽ മക്കയിലേക്ക് ഹജ്ജ് ഉംറ പെർമിറ്റോ വർക് പെർമിറ്റോ ഇല്ലാതെ പ്രവേശനം നൽകില്ല. ഈയാഴ്ച മുതൽ മക്കയിലേക്ക് ഹാജിമാർ എത്തുന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം ഈ മാസം ഒൻപതിനാണ് എത്തുക. മക്കയിലേക്ക് പ്രവേശിക്കാൻ ആഭ്യന്തര മന്ത്രാലയം പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.
ഹജ്ജ് പെർമിറ്റ്, ഉംറ പെർമിറ്റ്, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾ അടക്കമുള്ളവർക്കുള്ള എൻട്രി പെർമിറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങിയിട്ടിണ്ട്. മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്. അറഫ മിന മുസ്ദലിഫ ഉൾപ്പെടെ പുണ്യ സ്ഥലങ്ങളിൽ സീസണൽ ഹജ്ജ് ഡ്യൂട്ടിയുള്ളവർക്കും പെർമിറ്റ് ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിർ,മുഖീം പോർട്ടലുകൾ വഴിയാണ് അനുമതി നൽകുന്നത്. ഇതിനായി ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ഉംറ വിസയിൽ സൗദിയിലെത്തിയവർ മടങ്ങേണ്ട അവസാന തിയതി ജൂൺ ആറാണ്. ഇതിന് ശേഷം ഉംറ വിസക്കാർ സൗദിയിൽ തുടരാൻ പാടില്ല. ജൂൺ ആറിന് ശേഷം മക്കയിലേക്ക് ഹാജിമാരല്ലാത്തവർക്കും ഹജ്ജ് ജോലിയില്ലാത്തവർക്കും ശക്തമായ നിയന്ത്രണമുണ്ടാകും. ഹജ്ജ് പെർമിറ്റില്ലാതെ പിടികൂടിയാൽ ജൂൺ ആറിന് ശേഷം പിഴയും നാടു കടത്തലുമാണ് ശിക്ഷ. ഈ മാസം ഒൻപതിനാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തുക. കേരളത്തിൽ നിന്നുള്ള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ആദ്യ വിമാനം ഈ മാസം 26നാണ്. സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാർ ഇതിന് മുന്നേ എത്തും.