മലയാളിയെ കൊന്ന കേസ്: സൗദിയിൽ മലയാളിയടക്കം അഞ്ചുപേരെ വധശിക്ഷക്ക് വിധേയരാക്കി

കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് വിധി

Update: 2024-07-31 18:50 GMT
Advertising

റിയാദ്: മലയാളിയെ കൊന്ന കേസിൽ സൗദിയിൽ മലയാളിയടക്കം അഞ്ചുപേരെ വധശിക്ഷക്ക് വിധേയരാക്കി. ഒരു മലയാളിയെയും നാല് സൗദി പൗരന്മാരെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് വിധി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷക്ക് വിധേയനായ മലയാളി. 2016ൽ നടന്ന കൊലപാതക കേസിലാണ് വിധി.

സൗദിയിലെ കിഴക്കൻ പ്രവിശ്യയെ ഞെട്ടിച്ച കൊലപാതക കേസിലാണ് അഞ്ച് പേർക്ക് വധശിക്ഷ നടപ്പാക്കിയത്. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി കൂടത്തിങ്ങൽ സമീറിനെ കൊന്ന് ബ്ലാങ്കറ്റിലാക്കി ഉപേക്ഷിച്ചെന്നായിരുന്നു കേസ്. സമീർ പണമിടപാട് നടത്തുന്ന ആളാണെന്ന് മനസ്സിലാക്കി കൊള്ളസംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സൗദി പൗരന്മാരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. കൊടുവള്ളി സ്വദേശിയായ സമീറിനെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചെന്നായിരുന്നു തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെതിരായ വകുപ്പ്. ഇവർ കൊള്ളസംഘം രൂപീകരിച്ചതായി അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോയ ശേഷം പണമില്ലെന്ന് മനസ്സിലാക്കിയതോടെ മൂന്ന് ദിവസം ബന്ദിയാക്കി മർദ്ദിച്ചു. ഇതിനിടയിൽ മരിച്ചതോടെ മാലിന്യ ബോക്‌സിനരികെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയ പെരുന്നാൾ ദിനം രാവിലെയായിരുന്നു ഇത്.

അന്തിമ പ്രതിപ്പട്ടികയിൽ അൽകോബാറിൽ ഡ്രൈവറായ തൃശൂർ കൊടുങ്ങല്ലൂർ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീൻ), സൗദി പൗരന്മാരായ ജാഫർ ബിൻ സാദിഖ്, ഹുസൈൻ ബിൻ ബാഖിർ, ഇദ്‌രീസ് ബിൻ ഹുസൈൻ, ഹുസൈൻ ബിൻ അബ്ദുല്ല എന്നിവരാണ് ഉണ്ടായിരുന്നത്. നിരവധി പേരെ ചോദ്യം ചെയ്താണ് അന്തിമ പട്ടികയിലേക്ക് എത്തിയത്. ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ജുബൈൽ പൊലീസിന്റെ അതിവേഗ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

അഞ്ചു പേരുടെയും വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കി. സാധാരണ രീതിയിൽ കൊല്ലപ്പെട്ട കുടുംബം മാപ്പ് നൽകിയാൽ പ്രതികൾക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. ക്രൂരമായ കൊലപാതകമായതിനാൽ കുടുംബം ഇതിന്റെ എല്ലാ സാധ്യതകളും തള്ളി. രാജ്യദ്രോഹ വകുപ്പിൽ പെടുത്തിയാണ് കേസ് സൗദി പ്രോസിക്യൂഷൻ പരിഗണിച്ചത്. ഇതിനാൽ ഒരു തരത്തിലുളള കുടുംബത്തിന്റെ മാപ്പു കൊണ്ടും കാര്യമുണ്ടാകുമായിരുന്നില്ല. ഇസ്‌ലാമിക ശരീഅത്തിൽ നിരാലംബനും നിരായുധനും നിഷ്‌കളങ്കരുമായവരെ കൊല്ലുന്നതിന് മാപ്പില്ലെന്ന് വിധിയിൽ കോടതി വിശദീകരിച്ചിരുന്നു. രാജ്യത്തി്‌ന്റെയും വ്യക്തികളുടേയും സുരക്ഷ ഭേദിക്കുന്നവർക്ക് ഇതാകും വിധിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News