ട്രംപിന്റെ ഗസ്സ പ്ലാനിന് ബദൽ; റിയാദിൽ ജിസിസി രാജ്യങ്ങളുടെ യോഗം തുടങ്ങി
ഖത്തർ അമീറും യുഎഇ പ്രസിഡന്റും റിയാദിൽ


റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ പ്ലാനിന് ബദൽ തയ്യാറാക്കാൻ ജിസിസി രാജ്യങ്ങളുടെ സൗഹൃദ യോഗം റിയാദിൽ തുടങ്ങി. മാർച്ച് നാലിന് ഈജിപ്തിൽ നടക്കുന്ന അറബ് ലീഗിലേക്കുള്ള അജണ്ടയും യോഗത്തിൽ തീരുമാനിക്കും. ജിസിസി രാഷ്ട്ര നേതാക്കൾക്ക് പുറമെ ഈജിപ്ത് പ്രസിഡണ്ടും ജോർദാൻ രാജാവും യോഗത്തിലുണ്ട്.
ഇന്ന് വൈകീട്ടാണ് സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിൽ ജിസിസി രാഷ്ട്ര നേതാക്കളും ഈജിപ്ത്, ജോർദാൻ രാഷ്ട്ര നേതാക്കളും റിയാദിൽ ഒന്നിച്ചിരുന്നത്. സ്വകാര്യ യോഗമായതിനാൽ വിശദാംശങ്ങൾ പുറത്ത് വിടില്ല. അടുത്ത മാസം നാലിന് നടക്കുന്ന അറബ് ഉച്ചകോടിക്ക് മുന്നോടിയായി ഗസ്സ വിഷയത്തിൽ ധാരണയിലെത്തുകയാണ് ലക്ഷ്യമെന്ന് നേരത്തെ സൗദി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ ഗസ്സ പ്ലാനിൽ അറബ് രാജ്യങ്ങൾ ബദൽ തയ്യാറാക്കുന്നുണ്ട്. ഇതിനായി ഈജിപ്ത് തയ്യാറാക്കിയ കരട്, യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വിഷയങ്ങളാണ് പ്രധാനപ്പെട്ടത്. ഒന്ന് ഗസ്സക്കാരെ കുടിയൊഴിപ്പിക്കാതെ പുനരധിവാസം. ഇതിൽ പ്ലാൻ തയ്യാറാക്കുക. രണ്ട് ഗസ്സയിൽ യുദ്ധാനന്തര ഭരണത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കുക. മാർച്ച് നാലിന് നടക്കുന്ന അറബ് ലീഗിലേക്കുള്ള അജണ്ടയും യോഗത്തിൽ തയ്യാറാക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, കുവൈത്ത് അമീർ, ബഹ്‌റൈൻ കിരീടാവകാശി എന്നിവരാണ് പങ്കെടുക്കുന്ന ജിസിസി രാഷ്ട്ര നേതാക്കൾ. ഇവർക്ക് പുറമെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ഹ് അൽസീസി, ജോർദാൻ രാജാവ് കിങ് അബ്ദുല്ല എന്നിവരും ക്ഷണിതാക്കളാണ്. യുഎഇ സുരക്ഷാ ഉപദേഷ്ടാവും ജോർദാൻ കിരീടാവകാശിയും യോഗത്തിലുണ്ട്.