സൗദിയിൽ വിനോദ പരിപാടികളിൽ 3200 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു
ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ പതിനായിരത്തിലേറെ ഫീൽഡ് പരിശോധനകളിലാണ് ലംഘനങ്ങൾ പിടികൂടിയത്
ദമ്മാം: സൗദിയിൽ വിനോദ പരിപാടികളിൽ 3200 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. അതോറിറ്റി ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ പതിനായിരത്തിലേറെ ഫീൽഡ് പരിശോധനകളിലാണ് ലംഘനങ്ങൾ പിടികൂടിയത്. ലംഘനങ്ങളിൽ സംഘാടകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്നതായും അതോറിറ്റി വെളിപ്പെടുത്തി.
രാജ്യത്ത് സംഘടിപ്പിച്ച വരുന്ന വിനോദ പരിപാടികളുടെ ഗുണമേന്മ ഉയർത്തുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് പരിശോധനകൾ സംഘടിപ്പിച്ച് വരുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തുടനീളം പതിനായിരത്തോളം പരിശോധനകൾ സംഘടിപ്പിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.
ഇതിൽ 3206 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അതോറിറ്റി വെളിപ്പെടുത്തി. അതോറിറ്റി നിർദ്ദേശിച്ച ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതിരിക്കുക, ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തേടാതിരിക്കുക, തുടങ്ങിയ ലംഘനങ്ങളിലാണ് നടപടി. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയത്. 962 എണ്ണം. മക്ക പ്രവിശ്യയിൽ 865ഉം, കിഴക്കൻ പ്രവിശ്യയിൽ 834ഉം ലംഘനങ്ങൾ പിടികൂടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സംഘാടകർക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും അതോറിറ്റി അറിയിച്ചു.