ഹജ്ജ് കർമങ്ങൾക്കായി 10 ലക്ഷത്തിലേറെ ഹാജിമാർ നാളെ മിനയിലേക്ക്
മക്കയിലെ അസീസിയ്യയിലാണ് ഇന്ത്യയിലെ മുഴുവൻ ഹാജിമാരുമുള്ളത്. നാളെ രാത്രി ഒമ്പതരയോടെ മിനയിലേക്ക് നീങ്ങാനാണ് ഹാജിമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
മക്ക: ഹജ്ജ് കർമങ്ങൾക്കായി 10 ലക്ഷത്തിലേറെ ഹാജിമാർ നാളെ മക്കയിൽനിന്ന് മിനയിലേക്ക് നീങ്ങും. 5765 മലയാളികളടക്കം 79,645 ഹാജിമാരാണ് ഇന്ത്യയിൽനിന്ന് ഹജ്ജിൽ പങ്കെടുക്കുന്നത്. ഹജ്ജിലേക്ക് നീങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് മലയാളി ഹാജിമാർ.
മക്കയിലെ അസീസിയ്യയിലാണ് ഇന്ത്യയിലെ മുഴുവൻ ഹാജിമാരുമുള്ളത്. നാളെ രാത്രി ഒമ്പതരയോടെ മിനയിലേക്ക് നീങ്ങാനാണ് ഹാജിമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതുവരെ നല്ല രീതിയിൽ തന്നെ കർമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഹാജിമാർ മീഡിയവണിനോട് പറഞ്ഞു.
സ്വകാര്യ ഗ്രൂപ്പ് വഴി വന്നവരടക്കം എഴുപതിനായിരത്തിലേറെ തീർഥാടകരാണ്. ഇത്തവണ ഹജ്ജിനുള്ളത്. ഇതിൽ 56,637 പേരും കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയാണെത്തിയത്. ഇവരെല്ലാവരും തങ്ങുന്നത് അസീസിയയിലാണ്. കേരളത്തിൽ നിന്നാകെ 5758 തീർഥാടകരാണ് ഇത്തവണ. അവരും തമ്പടിക്കുന്നത് ഇവിടെത്തന്നെ. ഇന്ത്യൻ ഹാജിമാരെ സഹായിക്കാൻ 370 വളണ്ടിയർമാരാണുള്ളത്. ഹാജിമാർക്ക് വേണ്ട സഹായം ഉറപ്പു വരുത്തുക ഖാദിമുൽ ഹുജ്ജാജ് അഥവാ വളണ്ടിയർമാരാണ്. ഓരോ സംസ്ഥാനക്കാർക്കും അവരുടെ ഭാഷ സംസാരിക്കുന്നവരാണ് സഹായത്തിന്. 387 മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫും ഇവർക്കൊപ്പം നീങ്ങും. ഇതടക്കം 750 ഓളം ഉദ്യോഗസ്ഥരാണ് ഹാജിമാർക്ക് സേവനത്തിനുണ്ടാവുക.