ഓപ്പൺ ഹാർട്ട് സർജറി മുതൽ ഡയാലിസിസ് വരെ; ഹജ്ജിനിടെ ഒരു ലക്ഷത്തോളം പേർക്ക് ആരോഗ്യ സേവനം നൽകിയതായി സൗദി
ഇതിന് പുറമെ 1,995 പേർ മൈ ഹെൽത്ത് ആപ്പ് വഴിയും ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹജ്ജിനെത്തിയ തീർഥാടകരിൽ ഇതുവരെ 97,000 പേർക്ക് വിവിധ മെഡിക്കൽ സേവനങ്ങൾ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്ക, അറഫ, മുസ്ദലിഫ, മിന, ജംറാത്ത് എന്നിവിടങ്ങളിലെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വഴിയാണ് തീർഥാടകർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയത്. പത്ത് പേർക്ക് ഓപ്പൺ ഹാർട്ട് സർജറികളും, 187 പേർക്ക് കാർഡിയാക് കാത്തറൈസേഷനും ചെയ്തു. 397 തീർഥാടകരെ ഡയാലിസിസിന് വിധേയരാക്കി.
10 പേർക്ക് എൻഡോസ്‌കോപ്പിയും, 267 തീർഥാടകരെ മറ്റു ശസ്ത്രക്രിയക്കും വിധേയരാക്കി. 997 പേരെ വിവിധ ചികിത്സകൾക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമെ വിർച്ച്വൽ ആശുപത്രി സേവനം വഴിയും നിരവധി പേർക്ക് ചികിത്സകൾ നൽകി. 9 പേർക്ക് സ്‌ട്രോക്ക് ഡയഗണോസിസ്, ഒരാൾക്ക് റിമോട്ട് ക്രിട്ടിക്കൽ കെയർ, 127 പേർക്ക് റിമോട്ട് റേഡിയോളജി തുടങ്ങിയ സേവനങ്ങളാണ് വിർച്ച്വൽ ആശുപത്രി സേവനം വഴി നൽകിയത്.
ഇതിന് പുറമെ 1,995 പേർ മൈ ഹെൽത്ത് ആപ്പ് വഴിയും ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ പുണ്യസ്ഥലങ്ങളിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന കിടപ്പു രോഗികളെ സന്ദർശിക്കുകയും ഹജ്ജ് കർമ്മങ്ങൾ തടസങ്ങളില്ലാതെ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.