ഹാജിമാർ ഹറമുകളിലെ ജുമുഅയിൽ പങ്കെടുത്തു; മടക്കയാത്ര പുരോഗമിക്കുന്നു
ഹജ്ജിന് ശേഷം ഇന്ത്യൻ ഹാജിമാർ മടങ്ങി തുടങ്ങിയെങ്കിലും ശേഷിക്കുന്നവർ ഇന്ന് മക്ക മദീന ഹറം പള്ളികളിൽ നടന്ന ജുമുഅ നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു.
കനത്ത ചൂടിൽ ഇന്നും ഒരു ലക്ഷത്തിലധികം ഇന്ത്യൻ ഹാജിമാർ ഹറം പള്ളികളിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു. ഹറം പള്ളികളിലേക്ക് വരാനും തിരിച്ച് പോകാനും ഹജ്ജ് മിഷന് കീഴിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഹാജിമാരുടെ മടക്കയാത്ര പുരോഗമിക്കുന്നതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
ഹജ്ജിന് ശേഷം ഇന്ത്യൻ ഹാജിമാർ മടങ്ങി തുടങ്ങിയെങ്കിലും ശേഷിക്കുന്നവർ ഇന്ന് മക്ക മദീന ഹറം പള്ളികളിൽ നടന്ന ജുമുഅ നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. നിലവിൽ ഒരു ലക്ഷത്തിലധികം ഹാജിമാരാണ് മക്കയിലും മദീനയിലുമായി ഉള്ളത്. ഇതിൽ 75,000 ത്തോളം ഹാജിമാർ മക്കയിലെ മസ്ജിദുൽ ഹറമിലും 35,000 ത്തോളം ഹാജിമാർ മദീനയിലെ മസ്ജിദു നബവിയിലും ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തിയത് മുതൽ വെള്ളിയാഴ്ചകളിൽ പ്രത്യേക ഒരുക്കങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷൻ മക്കയിൽ ഒരുക്കാറുള്ളത്. ഹജ്ജ് മിഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ നാട്ടിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരും വെള്ളിയാഴ്ചകളിലെ പ്രത്യേക ഒരുക്കങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
പുലർച്ചെ മുതൽ തന്നെ പ്രത്യേക ബസുകളിലായി ഹാജിമാർ ഹറം പള്ളിയിലെത്തി തുടങ്ങും. ജുമുഅക്ക് ശേഷം മൂന്ന് മണിയോടെ എല്ലാവരേയും താമസസ്ഥലങ്ങളിൽ തിരിച്ചെത്തിക്കും. വഴി നീളെ സഹായത്തിനായി ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും, വിവിധ സംഘടനകൾക്ക് കീഴിലെ സന്നദ്ധ പ്രവർത്തകരും ഉണ്ടാകും.
ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടരുകയാണ്. ഇതുവരെ 40,000 ലേറെ ഇന്ത്യൻ തീർഥാടകർ നാട്ടിലെത്തി. കഴിഞ്ഞ ദിവസം മുതൽ മലയാളി ഹാജിമാരും നാട്ടിൽ തിരിച്ചെത്തി തുടങ്ങി. കോഴിക്കോട്ടേക്ക് രണ്ട് വിമാനങ്ങളിലും, കണ്ണൂരിലേക്ക് ഒരു വിമാനത്തിലുമായി ഇത് വരെ 442 ഹാജിമാർ കേരളത്തിൽ മടങ്ങിയെത്തി. കൊച്ചിയിലേക്കുള്ള ആദ്യ വിമാനം ഈ മാസം 18നാണ്. മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. ഓഗസ്റ്റ് 2 വരെയാണ് മടക്കയാത്ര ക്രമീകരിച്ചിട്ടുള്ളത്.