കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മക്ക-മദീന ഹറമുകൾ നിറഞ്ഞ് കവിഞ്ഞു

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇന്നാദ്യമായി വിശ്വാസികൾ അകലം പാലിക്കാതെ തോളോട് തോൾ ചേർന്ന് ജുമുഅ നമസ്‌കാരത്തിന് ഹറം പള്ളികളിൽ അണിനിരന്നു.

Update: 2022-03-11 16:40 GMT
Editor : Nidhin | By : Web Desk
Advertising

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച മക്ക മദീന ഹറം പള്ളികൾ വിശ്വാസികളെ കൊണ്ടു നിറഞ്ഞുകവിഞ്ഞു. 

വാക്സിനെടുക്കാതെയും പെർമിറ്റെടുക്കാതെയും ഹറമുകളിലേക്ക് പ്രവേശനം അനുവദിച്ചതോടെയാണ് തിരക്ക് വർധിച്ചത്. ടുത്ത മാസം റമദാൻ ആരംഭിക്കുന്നതോടെ തിരക്ക് കൂടുതൽ വർധിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ഇരു ഹറമുകളിലും നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ചു. ഹറമിലേക്ക് പ്രവേശിക്കുവാൻ തവക്കൽനാ ആപ്പ് വഴി രോഗപ്രതിരോധനില വ്യക്തമാക്കണമെന്ന വ്യവസ്ഥകൂടി കഴിഞ്ഞ ദിവസം പിൻവലിച്ചതോടെ ഹറമുകളും പരിസരവും കോവിഡിന് മുമ്പുണ്ടായിരുന്ന പ്രതാപത്തിലേക്ക് തിരിച്ചെത്തി.

നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രഭാത നമസ്‌കാരം മുതൽ തന്നെ വിശ്വാസികൾ ഹറം പള്ളികളിലേക്കൊഴുകി. സാമൂഹിക അകലം പാലിക്കാതെ ത്വാവാഫും, സഅ്യും നമസ്‌കാരങ്ങളും നിർവഹിച്ചു. നിയന്ത്രണങ്ങളില്ലാത്ത ആദ്യ ജുമുഅ നമസ്‌കാരത്തിനെത്തിയെ വിശ്വാസികളെ കൊണ്ട് മക്കയിലേയും മദീനയിലേയും ഹറം പള്ളികളുടെ അകവും മുറ്റവും നിറഞ്ഞു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇന്നാദ്യമായി വിശ്വാസികൾ അകലം പാലിക്കാതെ തോളോട് തോൾ ചേർന്ന് ജുമുഅ നമസ്‌കാരത്തിന് ഹറം പള്ളികളിൽ അണിനിരന്നു. മക്കയിൽ സഫ, മർവ്വ കുന്നുകളും പിന്നിട്ട് ജമുഅക്കെത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റത്തേക്ക് പരന്ന് ഒഴികിയത് വിശ്വാസി സമുഹത്തിന്റെ കൺകുളിർക്കുന്ന കാഴ്ചയായിരുന്നു.

വരാനിരിക്കുന്ന റമദാനിൽ ഹറം പള്ളികളിലെ രാപ്പകലുകൾ കൂടുതൽ ഭക്തിസാന്ദ്രമാക്കുവാൻ വിശ്വാസികൾക്ക് ഇതിലൂടെ സാധിക്കും. തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയുൾപ്പെടെയുള്ള നമസ്‌കാരങ്ങൾക്ക് കൂടുതൽ വിശ്വാസികൾക്ക് ഹറമുകളിലെത്താൻ പുതിയ തീരുമാനം സഹായകരമാകും. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് കോവിഡ് പരിശോധനയോ, കുത്തിവെപ്പോ ക്വാറന്റൈനോ ആവശ്യമില്ലെന്ന ഹജ്ജ് ഉംറ മന്ത്രാലത്തിന്റെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തെ കൂടുതലായി ഹറമുകളിലേക്ക് ആകർഷിക്കും.

വിശുദ്ധ റമദാനിൽ വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകാറുള്ള സ്വാഭാവിക വർധനക്ക് പുറമെ നീണ്ട ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ ആരാധനാ കർമങ്ങൾ ചെയ്യാനുള്ള സാഹചര്യംകൂടി ഒത്തുവന്നതിനാൽ ഇത്തവണത്തെ ഉംറ സീസണിൽ ഇരുഹറമുകളും പരിസരങ്ങളും കൂടുതൽ ജനനിബിഢമാകും. പ്രയാസരഹിതമായി കർമ്മങ്ങൾ ചെയ്യുവാനും വിശ്വാസികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും അത്യാധുനിക സംവിധാനങ്ങളോടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇരുഹറമുകളിലും പൂർത്തിയായിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News