സൗദിയില്‍ തൊഴില്‍ കരാര്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി ഫലം കാണുന്നു
ഒരുവര്‍ഷത്തിനകം വിവിധ മേഖലകളിലായി 65,000 ത്തിലധികം തൊഴിലാളികളാണ് സംരംഭത്തിലൂടെ പ്രയോജനം നേടിയത്
സൗദിയില്‍ തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള 'കരാര്‍ ബന്ധം മെച്ചപ്പെടുത്തല്‍' സംരംഭം കേവലം ഒരു വര്‍ഷത്തിനുള്ളില്‍തന്നെ വിജയം കാണുന്നു. സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ വിപണി കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിനുമായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് 2021 മാര്‍ച്ച് 14 ന് പദ്ധതി ആരംഭിച്ചത്. നിയന്ത്രണങ്ങളോടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന വിധത്തിലാണ് സംരംഭം ആവിഷ്‌കരിച്ചിരിക്കുന്നത്.
തൊഴില്‍ മാറ്റങ്ങള്‍, തൊഴില്‍ അവസാനിപ്പിക്കല്‍, തിരികെ പ്രവേശിക്കല്‍, തൊഴില്‍ ലൈസന്‍സുകളും റെസിഡന്‍സി നിയമങ്ങളും, കരാര്‍ അവസാനിപ്പിക്കല്‍ നടപടികള്‍, തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ സംരക്ഷണം, റിക്രൂട്ട്മെന്റ് നടപടികളും ചെലവുകളും തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളെ ഉള്‍കൊള്ളുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പുതിയ സംരംഭത്തിലൂടെ, ഒരുവര്‍ഷത്തിനകം വിവിധ മേഖലകളിലായി 65,000 ത്തിലധികം തൊഴിലാളികളാണ് പ്രയോജനം നേടിയത്. പത്തിലധികം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇതില്‍, 93% പുരുഷന്മാരും, 7% സ്ത്രീകളുമടക്കം 30 നും 40 നും ഇടയില്‍ പ്രായമുള്ള 44% പേരാണുള്ളത്. 65% ഗുണഭോക്താക്കളുടെ ശമ്പളവും ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, 30,000 ത്തിലധികം സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍നിന്ന് പ്രയോജനം ലഭിച്ചിരിക്കുന്നത്. കെട്ടിട മിര്‍മാണ മേഖലയ്ക്കാണ് ഇതില്‍ ഏറ്റവുംകൂടുതല്‍ പ്രയോജനം ലഭിച്ചിരിക്കുന്നത്.
സൗദി തൊഴില്‍ വിപണിയില്‍തന്നെ മത്സരം വര്‍ധിപ്പിക്കാനും അന്താരാഷ്ട്ര തൊഴില്‍ വിപണികളുമായി മത്സരിക്കാനും ഈ സംരംഭം പ്രചോദനമായിട്ടുണ്ട്. ഇതിലൂടെ തൊഴില്‍ തര്‍ക്കങ്ങള്‍ തടയാനും, മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനും സാധിക്കുകയും തൊഴില്‍ വിപണി കൂടുതല്‍ ആകര്‍ഷണീയമാക്കുകയും ചെയ്തു.
സ്വകാര്യ മേഖലയ്ക്ക് മാത്രമല്ല, വേതന സംരക്ഷണ പദ്ധതിയും അവകാശ സംരക്ഷണവുമെല്ലാമായി ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇതിലൂടെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. സൗദിയിലെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.