സൗദി ലുലുവിൽ ഇന്ത്യൻ ഉത്സവിന് തുടക്കം; കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു
റിയാദ് മുറബ്ബ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു
റിയാദ്: സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഉത്സവിന് തുടക്കമായി. മേളയുടെ ഉദ്ഘാടനം ഇന്ത്യൻ വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു. പതിനായിരത്തോളം ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ മേളയോടനുബന്ധിച്ച് ലുലുവിൽ ഒരുക്കിയിട്ടുണ്ട്. റിയാദ് മുറബ്ബ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
അടുത്ത വർഷം മുതൽ ഇന്ത്യൻ ധാന്യമായ തിനയുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ തരം തിനകളും വസ്ത്രങ്ങളും ഭക്ഷ്യ വിഭവങ്ങളും പരിചയപ്പെടുത്തുന്ന കാമ്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി ഇന്ത്യ ദി ഫുഡ് ബാസ്‌കറ്റ് ഓഫ് ദ വേൾഡ് എന്ന പേരിൽ കൂറ്റൻ പ്രദർശന മതിലും ഒരുക്കിയിട്ടുണ്ട്. 7500ഓളം ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവും മേളയുടെ ഭാഗമായി ഏർപ്പെടുത്തിയതായി മാനേജ്മെന്റ് അറിയിച്ചു.