സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു
മാർച്ചിൽ 1.6 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്
ദമ്മാം: സൗദി അറേബ്യയിൽ പണപ്പെരുപ്പം കുറഞ്ഞു. മാർച്ചിലവസാനിച്ച സാമ്പത്തികവലോകന റിപ്പോർട്ടിലാണ് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും കുറവ് രേഖപ്പെടുത്തിയത്. 1.6 ശതമാനമായാണ് പണപ്പെരുപ്പത്തിൽ കുറവ് വന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഫെബ്രുവരിയിൽ 1.8 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. മാർച്ചിൽ ജീവിതച്ചെലവ് സൂചിക 110.23 പോയിന്റായി കുറഞ്ഞു.
ഗാർഹിക ഉപകരണങ്ങൾ, വസ്ത്രങ്ങൾ പാദരക്ഷകൾ, മെയിന്റനൻസ്, വാഹനവിൽപ്പന എന്നിവയുടെ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുറയാൻ ഇടയാക്കി. ഫർണിച്ചർ, ഗാർഹിക ഉപകരണങ്ങൾ, മെയിന്റനൻസ് എന്നിവയുടെ ചിലവ് 3.2 ശതമാനമായും വാഹനങ്ങളുടെ വാങ്ങൽ വില 3 ശതമാനമായും കുറഞ്ഞു. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയിൽ നാല് ശതമാനവും ഗതാഗത മേഖലയിൽ 1.8 ശതമാനവും കുറവ് രേപ്പെടുത്തി. എന്നാൽ ഉപഭോക്തൃ സൂചികയിൽ ഭവന, വൈദ്യുതി, വെള്ളം, ഗ്യാസുൾപ്പെടുന്ന ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ 8.8 ശതമാനത്തിന്റെ വർധനവും, പഴം പച്ചക്കറികളുടെ വിലയിൽ 6.8 ശതമാനത്തിന്റെ വർധനവും ഇക്കാലയളവിൽ രേഖപ്പെടുത്തി. ഇത് റസ്റ്റോറന്റുകളിൽ വിലവർധനവിനിടയാക്കിയതായും റിപ്പോർട്ട് പറയുന്നു.