ഇറാൻ വിദേശകാര്യ മന്ത്രി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
ഇറാൻ-സൗദി ബന്ധം ഊഷ്മളമാക്കി മുന്നോട്ട് പോകാൻ കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടായി
റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഇറാൻ വിദേശകാര്യ മന്ത്രി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. ഇറാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ച ശേഷം ആദ്യമായാണ് ഒരു ഇറാൻ മന്ത്രി സൗദി കിരീടാവകാശിയെ നേരിട്ട് കാണുന്നത്. ഇരു രാജ്യങ്ങളും ബന്ധം ഊഷ്മളമാക്കി മുന്നോട്ട് പോകാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് ഇറാൻ വിദേശകാര്യ മന്ത്രി സൗദിയിലെത്തിയത്. ഏഴ് വർഷത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം. ഇറാനുമായി ഒപ്പുവച്ച മുൻകൂർ സുരക്ഷാ, സാമ്പത്തിക കരാറുകൾ സജീവമാക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണിന്ന് സൗദി കിരീടാവകാശിയെ ഇറാൻ വിദേശകാര്യ മന്ത്രി നേരിട്ട് കണ്ടത്.
നേരത്തെ ഒപ്പുവെച്ച കരാറുകൾ വേഗത്തിൽ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വേൾഡ് എക്സ്പോ 2030 ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ നീക്കത്തിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചതിന് സൗദി നന്ദി അറിയിച്ചു. ഏറ്റവും പുതിയ അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ആശംസകൾ അമീർ-അബ്ദുള്ളാഹിയാൻ അറിയിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാവുകയാണ്.