തൊണ്ടയിലെ അണുബാധ; ചികിത്സയിലായിരുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അസുഖം ഭേദമായി
സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്
റിയാദ്: ചികിത്സയിലായിരുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അസുഖം ഭേദമായി. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. തൊണ്ടയിലെ അണുബാധയെ തുടർന്നാണ് സൗദി ഭരണാധികാരിയെ ആരോഗ്യ നിരീക്ഷണത്തിലേക്ക് മാറ്റിയത്. സൗദിയുടെ എഴാമത്തെ ഭരണാധികാരിയാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്. റോയൽ കോർട്ട് ആശുപത്രിയുടെ മേൽനോട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അസുഖം ഭേദമായെന്നാണ് അറിയിപ്പ്. എൺപത്തിയെട്ടുകാരനായ സൽമാൻ രാജാവ് ചികിത്സയിലായതിനാൽ, മകനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മെയ് മാസത്തിലും സൽമാൻ രാജാവിനെ ചികിത്സക്ക് വിധേയമാക്കിയിരുന്നു. അന്ന് ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെ വിശ്രമത്തിന് ശേഷമാണ് റിയാദിലെത്തിയിരുന്നത്.