കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ഫ്യൂച്ചർ ടെക്‌നോളജി കോഴ്‌സുകൾ ആരംഭിച്ചു
ഓൺലൈൻ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മാണാത്മകമായി ഉപയോഗപ്പെടുത്താൻ പുതുതലമുറയെ സജ്ജരാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം
റിയാദ്: സൗദി നാഷണൽ കെ.എം.സി.സി പ്രവാസികളുടെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ടെക്‌നോളജി വെക്കേഷൻ കാല കോഴ്‌സുകൾക്ക് ആരംഭിച്ചു. എ.ഐ, റോബോട്ടിക്‌സ്, ചാറ്റ് ജി.പി.ടി, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഡാറ്റ സയൻസ് തുടങ്ങിയ നൂതനമായ ടെക്‌നോളജികൾ വ്യാപകമാകുന്ന ഇക്കാലത്ത് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകിയില്ലെങ്കിൽ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓൺലൈൻ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മാണാത്മകമായി ഉപയോഗപ്പെടുത്താൻ പുതുതലമുറയെ സജ്ജരാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.
ഫോർച്ച്യൂൺ റിസോഴ്‌സ് മാനേജ്‌മെന്റിന്റെയും കെ.എസ്.എ, യു.എസ്.എ കേന്ദ്രമായി പ്രവർത്തിക്കുന്ന അപ്ലൈഡ് നോളജ് സയൻസിന്റയും സഹകരണത്തോടെയാണ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നത്. ഓൺലൈനിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കോഴ്‌സുകൾ പൂർത്തികരിക്കുന്നവർക്ക് അപ്ലൈഡ് നോളജ് സയൻസ് യു.എസ്.എയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ലോകത്തെ പ്രമുഖരായ ഫ്യൂച്ചർ ടെക്ക്‌നോളജി എക്‌സ്‌പേർട്ടുകൾ കുട്ടികളുമായി ഓൺലൈനിൽ സംവദിക്കും.
കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഉദ്ഘാടന സെഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ വിംഗ് സമിതി ചെയർമാൻ മാലിക്ക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഫോം അക്കാഡമി ഡയറക്ടർ മൊയ്ദീൻ കുട്ടി കൂറ്റനാട് ഫ്യൂച്ചർ ടെക്ക്‌നോളജി സാധ്യതകളെ കുറിച്ച് വിവരിച്ചു. അപ്ലൈഡ് നോളജ് സയൻസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ മൻസൂർ അലി ഖാൻ, വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷബീബും മറ്റു ഫാക്കൽറ്റികളും പ്രോഗ്രാമിൽ സംബന്ധിച്ചു. സമിതി ജനറൽ കൺവീനർ ഷാഹിദ് മാസ്റ്റർ സ്വാഗതവും കൺവീനർ ഉസ്മാൻ കിളിയമണ്ണിൽ നന്ദിയും പറഞ്ഞു.