ലീപ് ഐടി മേള: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് മേഖലയിൽ രണ്ട് ബില്ല്യൺ ഡോളറിനടുത്തുള്ള നിക്ഷേപ കരാറുകൾ
നിരവധി ഇന്ത്യൻ കമ്പനികൾ ഫെസ്റ്റിലുണ്ട്


റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഐടി മേളയായ ലീപിൽ രണ്ടാം ദിനം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് മേഖലയിൽ ഒപ്പുവെച്ചത് രണ്ട് ബില്ല്യൺ ഡോളറിനടുത്തുള്ള നിക്ഷേപ കരാറുകൾ. നിരവധി ഇന്ത്യൻ കമ്പനികളും ഫെസ്റ്റിലുണ്ട്.
ലീപ് മേളയുടെ രണ്ടാം ദിനമായ ഇന്നലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് മേഖലയിൽ ഒപ്പുവെച്ചത് 1.78 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകളാണ്. നാഷണൽ പ്രോഗ്രാം ഫോർ ഇൻഫോർമേഷൻ ടെക്‌നോളജി ഡെവലപ്‌മെന്റ് മേഖലയിൽ 150 മില്യൺ ഡോളറിന്റെ ഫണ്ട് വിനിയോഗിക്കും. ഇക്വിനിക്‌സ് നിക്ഷേപിക്കുക 1 ബില്യൺ ഡോളറാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്ലൗഡ് സെന്ററായിരിക്കും തയ്യാറാക്കുക. ഉലാ കാപിറ്റലിന്റെ നിക്ഷേപം 75 മില്യൺ റിയലിന്റേതാണ്. ഷറാഖ ഫിനാൻഷ്യൽ 30 മില്യൺ റിയാലിന്റെ നിക്ഷേപ കരാറിനും ധാരണയായി. ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കും അക്കാദമികൾക്കുമായിട്ടായിരിക്കും പ്രധാനമായും നിക്ഷേപങ്ങൾ ഉപയോഗിക്കുക. നിക്ഷേപങ്ങൾക്ക് ധാരണയായതോടെ രാജ്യത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ എന്നീ മേഖലകൾ ശക്തിപ്പെടും.
മേളയുടെ ആദ്യ ദിനം തന്നെ ഒപ്പുവെച്ചത് പതിനഞ്ച് ബില്ല്യൺ ഡോളറിന്റെ നിക്ഷേപ കരാറുകളായിരുന്നു. ഇന്ത്യൻ കമ്പനികളും മേളയിൽ സജീവമാണ്. ഇന്ന് മേള അവസാനിക്കും.