മക്ക കൊമേഴ്‌സ്യൽ സെന്‍റര്‍ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

മക്കയിൽ ലുലുവിന് മൂന്ന് വാണിജ്യ കേന്ദ്രങ്ങൾ വരുന്നു

Update: 2023-04-17 19:09 GMT
Advertising

മക്ക കൊമേഴ്‌സ്യൽ സെന്റർ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു. സൗദിയിലെ പ്രമുഖ സ്ഥാപനമായ ഫെയ്‌റൂസ് ഡെവലപ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ലുലു നടപ്പിലാക്കുന്നത്. വിശുദ്ധ മക്ക സന്ദർശിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർഥാടകർക്ക് അനുയോജ്യമായ രീതിയിലായിരുക്കും വാണിജ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. മക്കയിൽ ഇതടക്കം മൂന്ന് ഷോപ്പിങ് കേന്ദ്രങ്ങളാണ് ലുലു ഒരുക്കുന്നത്.

മക്കയിലെ അബ്ദുല്ല അറെഫ് റോഡിലാണ് 250 ദശലക്ഷം റിയാൽ നിക്ഷേപമുള്ള പ്രസ്തുത പദ്ധതി. പദ്ധതി കൈമാറ്റ ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫ് അലി എം.എ, അൽ ഫെയ്‌റൂസ് ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ ഷെയ്ഖ് ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സൽമാൻ അൽ റഫായ് എന്നിവർ പങ്കെടുത്തു. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, റീജിയണൽ  ഡയറക്ടർ റഫീഖ് മുഹമ്മദ് അലി എന്നിവരും സന്നിഹിതരായിരുന്നു.

വളരെക്കാലമായി കാത്തിരുന്ന ഈ പദ്ധതി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഇതിന് അവസരം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ഗവൺമെന്റിനും അദ്ദേഹം നന്ദി പറഞ്ഞു. മലയാളികളുൾപ്പെടെയുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

200,000 ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് പദ്ധതിയുടെ മുഖ്യ സവിശേഷത. ഫുഡ് കോർട്ട്, ഫാമിലി എന്റർടൈൻമെന്റ് സെന്റർ, അന്തർദേശീയ പ്രശസ്തി നേടിയ റീട്ടെയിൽ ബ്രാൻഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതിനകം നിർമ്മാണം പൂർത്തിയായ പദ്ധതി അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്കയുടെ തനദ് ഉത്പന്നങ്ങളടക്കം സൗദിയിലെ എല്ലാ ഉത്പന്നങ്ങളും ലുലുവിന്റെ ഷോപ്പിങ് കേന്ദ്രത്തിൽ ലഭ്യമാകും. പ്രവാസികൾക്ക് പർച്ചേസ് ചെയ്ത ഉത്പന്നങ്ങൾ മാളിൽ നിന്നു തന്നെ നാട്ടിലെത്തിക്കാനും അവസരമുണ്ടാകും.

മക്കയിലെ വാണിജ്യ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ലുലു ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശൈഖ് ഇബ്രാഹിം ബിൻ അബ്ദുല്ല അൽ റിഫായി പറഞ്ഞു. മക്കയിൽ മൂന്ന് ഷോപ്പിങ് കേന്ദ്രങ്ങളാണ് ലുലുവിന് ഒരുങ്ങുന്നത്. എല്ലാം ഏറ്റവും മികച്ച കേന്ദ്രങ്ങളിലാണ്. മക്കക്ക് പുറമെ മദീനയിലും ലുലുവിന്റെ ഷോപ്പിങ് കേന്ദ്രങ്ങൾ ഒരുങ്ങുന്നുണ്ട്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News