മക്കയിൽ വിശ്വാസികളുടെ തിരക്കേറുന്നു; റമദാനിൽ ഒരാൾക്ക് ഒരു ഉംറ മാത്രം
കൂടുതൽ ബസുകൾ സർവീസ് നടത്തും
മക്ക: റമദാനിൽ ഒരാൾക്ക് ഒന്നിലധികം ഉംറ നിർവഹിക്കാൻ അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. കഴിഞ്ഞ വർഷം മുതലാണ് റമദാനിലെ ഉംറ ഒറ്റത്തവണ മാത്രമാക്കി പരിമിതപ്പെടുത്തിയത്. ആവർത്തിച്ചുള്ള ഉംറക്ക് ഇത്തവണയും അനുവാദമില്ല.
റമദാൻ മാസത്തിലാണ് ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ മക്കയിലെത്തുന്നത്. അതിനാൽ തന്നെ ഇത്തവണയും റമദാൻ ഒന്ന് മുതൽ തന്നെ വൻതിരക്കാണ് മക്കയിൽ കണ്ടുവരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെയും മറ്റുള്ളവർക്ക് കൂടി ഉംറ ചെയ്യാൻ അവസരം ഒരുക്കുന്നതിന്റെയും ഭാഗമായാണ് ഉംറയിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നുസുക് ആപ്പ് വഴി പെർമിറ്റ് എടുത്ത് സമയക്രമം പാലിച്ചുകൊണ്ടായിരിക്കണം ഉംറക്ക് വരേണ്ടത്. ഒരു തവണ ഉംറ ചെയ്തവർ വീണ്ടും പെർമിറ്റിന് ശ്രമിക്കുമ്പോൾ ലഭിക്കില്ലെന്നും അങ്ങനെയുള്ളവർക്ക് റമദാനിന് ശേഷം വീണ്ടും ഉംറ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
മക്കയിൽ തിരക്കേറിയതോടെ മക്ക ബസ് സേവനങ്ങളും വിപുലീകരിച്ചു. കൂടുതൽ ബസുകൾ റമദാനിൽ സർവീസ് നടത്തും. ബസുകൾക്കിടിയിലെ ഇടവേള കുറച്ച് കൂടുതൽ തീർഥാടകർക്ക് കാത്തിരിപ്പില്ലാതെ യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്.
പ്രധാന റോഡുകൾക്ക് പുറമെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടും സർവീസുണ്ടാകും. 12 റൂട്ടുകളിലായി 400ഓളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. 438 ബസ് സ്റ്റേഷനുകളും മക്കയിലൂടനീളം ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് മക്കയുടെ ഏത് ഭാഗത്ത് നിന്നും ഹറമിലേക്കെത്താനും തിരിച്ച് പോകാനും സൗകര്യമൊരുക്കുകയാണ് മക്ക ബസ് പദ്ധതിയുടെ ലക്ഷ്യം.