സൗദിയുടെ ആകാശങ്ങളിലേക്ക് കൂടുതൽ ക്ലൗഡ് സീഡിംഗ് വിമാനങ്ങൾ; പുതിയ പദ്ധതിക്ക് ദമ്മാമിൽ തുടക്കം
കുറഞ്ഞ ചിലവിൽ ക്ലൗഡ് സീഡിംഗിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്
ദമ്മാം: ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കുന്നു. മേഘങ്ങളെ തണുപ്പിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്ന സംവിധാനത്തിന്റെ പുതിയ പതിപ്പിന് ദമ്മാമിൽ തുടക്കമായി. സൗദി പരിസ്ഥിതി ജല, കൃഷി മന്ത്രി അബ്ദുറഹ്‌മാൻ അൽ ഫദ്ലി പദ്ധതി രാജ്യത്തിന് സമർപ്പിച്ചു. വിമാനങ്ങളും സാങ്കേതിക വിദ്യകളുമടങ്ങുന്നതാണ് പ്രൊജക്ട്. ഹരിത സുസ്ഥിരതക്കായുള്ള സൗദിയുടെയും മിഡിൽ ഈസ്റ്റിന്റെയും പ്രഖ്യാപനങ്ങൽക്ക് അനുസൃതമായി സാങ്കേതികവും മാനുഷികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തിയുള്ള മുന്നേറ്റമാണ് ക്ലൗഡ് സീഡിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക വൈദഗ്ധ്യം വികസിപ്പിക്കുക, ജലലഭ്യതയിൽ സുസ്ഥിരത കൈവരിക്കുക, പച്ചപ്പ് നിറഞ്ഞ ഏരിയകൾ വിപുലപ്പെടുത്തുക, സാങ്കേതിക വിദ്യയുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിമാനങ്ങളുടെ പ്രവർത്തനച്ചെലവ് കുറച്ച് ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിൽ പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥ സാഹചര്യങ്ങളും മഴയും മെച്ചപ്പെടുത്തുന്നതിന് പുതിയ സാങ്കേതി വിദ്യകൾ നിർണായകമാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സി.ഇ.ഒ അയ്മൻ ഗുലാം പറഞ്ഞു. 444 വിമാനങ്ങൾ 1400 മണിക്കൂറിലധികം പറന്നാണ് പദ്ധതിയുടെ ആറ് ഘട്ടങ്ങൾ രാജ്യത്ത് പൂർത്തിയാക്കിയത്. 5 ബില്യൺ ക്യുബിക് മീറ്റർ മഴയാണ് ഇത് വഴി സൗദിയിൽ പെയ്തത്.