തീർഥാടകർക്ക് ആശ്വാസം; മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടുന്നു
450 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിലൂടെ മണിക്കൂറിൽ 300 കി.മീ വരെ വേഗത്തിലോടാൻ ഈ ട്രെയിനുകൾക്കാകും
Update: 2021-12-12 16:05 GMT
മക്ക-മദീന നഗരങ്ങളിലേക്കുള്ള ഹറമൈൻ ട്രെയിന്റെ സർവീസുകൾ വർധിപ്പിക്കുന്നു. പ്രതിദിനം 16 സർവീസുകളാണ് അധികമായി നടത്തുക. തിരക്ക് കണക്കിലെടുത്താണ് സർവീസുകൾ.
മക്ക, ജിദ്ദ, റാബഗ്, മദീന എന്നീ നഗരങ്ങളിലൂടെയാണ് ഹറമൈൻ ട്രെയിൻ സർവീസ്. ജിദ്ദ സുലൈമാനിയ്യ സ്റ്റേഷനിൽനിന്ന് ദിവസവും മക്കയിലേക്ക് എട്ടു സർവീസുകൾ കൂടുതലുണ്ടാകും. മദീനയിലേക്കും എട്ടു സർവീസുകൾ അധികമായുണ്ടാകും. യാത്രക്കാരുടെ എണ്ണം ക്രമാമീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
ആവശ്യാനുസരണം സർവീസ് പിന്നെയും കൂട്ടുമെന്ന് ഹറമൈൻ സ്പീഡ് ട്രെയിൻ അധികൃതർ വ്യക്തമാക്കി. 450 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ ട്രെയിൻ സർവീസ് തീർഥാടകർക്ക് ഏറെ ആശ്വാസമാണ്. മണിക്കൂറിൽ 300 കി.മീ വരെ വേഗത്തിലോടാൻ ഈ ട്രെയിനുകൾക്കാകും.