ലോകകപ്പ്: സൗദിയിൽ ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്
ലോകകപ്പ് വിദേശ നിക്ഷേപങ്ങളിൽ വലിയ തോതിൽ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് സൗദിയുടെ കണക്ക് കൂട്ടൽ
ജിദ്ദ: അറബ് മണ്ണിലേക്ക് രണ്ടാം തവണയും ലോകകപ്പിനെ സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ. ഫിഫ ലോകകപ്പിന് മുന്നോടിയായി 2030 ഓടെ സൗദിയിൽ ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. ടൂറിസം, വ്യോമയാനം, ആശയവിനിമയം, റിയൽ എസ്റ്റേറ്റ്, നിർമാണം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, വിനോദം, കായിക മേഖല തുടങ്ങി വിവിധ തലങ്ങളിൽ 165,000 തൊഴിലവസവരങ്ങൾ സൗദിയിൽ സൃഷ്ടിക്കപ്പെടും. ലോകകപ്പ് സാമ്പത്തിക വളർച്ചക്കൊപ്പം, വിദേശ നിക്ഷേപങ്ങളിൽ വലിയ തോതിൽ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് സൗദിയുടെ കണക്ക് കൂട്ടൽ.
ലോകകപ്പിനായുള്ള എല്ലാ സൗകര്യങ്ങളും ഭാവിയിലും ഉപയോഗിക്കാനാണ് സൗദിയുടെ തീരുമാനം. ലോകകപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പലതും നേരത്തെയുള്ളതിനാൽ ചിലവ് വലിയതോതിൽ കുറക്കാനാവും. ചിലവ് നാല് ബില്യൺ ഡോളറായി കുറയുമെന്നാണ് വിലയിരുത്തുന്നത്. സാധാരണ വേൾഡ് കപ്പിനായി ഒരുക്കുന്ന സൗകര്യം പിന്നീട് ഒഴിവാക്കാറാണ് പതിവ്. എന്നാൽ സൗദി മത്സരം നടത്തുന്നത് വിവിധ പ്രവിശ്യകളായതിനാൽ ഈ സ്റ്റേഡിയം പിന്നീടും ഉപയോഗിക്കാനാകും.