മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി

ഉംറക്ക് എത്തുന്ന തീർത്ഥാടകർക്കാണ് സൗജന്യമായി സേവനം ലഭിക്കുക

Update: 2025-03-07 06:04 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ ലോക്കർ സംവിധാനം സ്ഥാപിച്ചത്. ഹറം പള്ളിയുടെ കിഴക്കു ഭാഗത്തെ മുറ്റത്തെ ഹറം ലൈബ്രറിയുടെ സമീപത്താണ് ഒന്ന്. ഹറം പള്ളിയുടെ 64-ആം നമ്പർ വാതിലിനടുത്ത് ഷാബീക പാലത്തിനു മുമ്പിലുമാണ് രണ്ടാമത്തെ ലോക്കർ.

ഉംറക്ക് എത്തുന്ന തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭ്യമാവുക. നുസുക്ക് ആപ്പിൽ ഉംറ പെർമിഷൻ കാണിക്കുന്നവർക്ക് മാത്രമേ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കൂ.

സൗജന്യമായി നാലു മണിക്കൂർ വരെ ലഗേജുകൾ സൂക്ഷിക്കാം. ഏഴ് കിലോ വരെയുള്ള ബാഗുകൾ മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ. ഭക്ഷണമോ മരുന്നോ ബാഗുകളിൽ അനുവദിക്കുകയില്ല. ബാഗേജുകളുടെ പൂർണവിവരങ്ങൾ ഇവിടെ രേഖപ്പെടുത്തും.

ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായി ഒരു പ്രത്യേക കോഡ് അടങ്ങിയ സ്മാർട്ട് ബ്രേസ്‌ലെറ്റ് നല്‌കുകയും ചെയ്യും.

നിലവിൽ രണ്ട് ലോക്കറുകളാണ് ഒരുക്കിയിട്ടുള്ളത്. ഹറം പള്ളിയുടെ നാലുഭാഗത്തും വഴികളിലും കൂടുതൽ ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങൾ ഒരുക്കാനുള്ള പദ്ധതിയിലാണ് ഇരുഹറം കാര്യാലയം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News