നിതാഖാത്ത്: വിദേശ നിക്ഷേപകരെ സൗദി പൗരൻമാർക്ക് തുല്യമായി പരിഗണിക്കും

ഫലസ്തീൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്കും സൗദിവൽക്കരണ പദ്ധതിയിൽ പ്രത്യേക ഇളവുകൾ നൽകും

Update: 2024-03-20 00:57 GMT
Advertising

ജിദ്ദ: സൗദിയിലെ നിതാഖാത്ത് പ്രോഗ്രാമിൽ വിദേശികളായ നിക്ഷേപകരെ സൗദി പൌരന്മാർക്ക് തുല്യമായി പരിഗണിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും അത്ലറ്റുകൾക്കും സമാന പരിഗണന ലഭിക്കും. ഫലസ്തീൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്കും സൗദിവൽക്കരണ പദ്ധതിയിൽ പ്രത്യേക ഇളവുകൾ നൽകും. ലോകമെമ്പാടുമുള്ള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.

സ്വാകാര്യ സ്ഥാപന ഉടമകളായ നിക്ഷേപകരെ നിതാഖാത്ത് പ്രോഗ്രാമിൽ സൗദി പൗരന്മാർക്ക് തുല്യമായി പരിണഗണിക്കുന്ന ചട്ടത്തിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അംഗീകാരം നൽകിയത്. ഇതനുസരിച്ച് സ്വദേശിവൽക്കരണ പ്രോഗ്രാമിൽ നിക്ഷേപകരായ ഓരോ വിദേശിയേയും സൗദി പൗരന് തുല്യമായി പരിഗണിക്കും. സൗദി സ്ത്രീയിൽ വിദേശിയായ ഭർത്താവിന് ജനിച്ച മക്കൾക്കും സൗദി അല്ലാത്ത മാതാവിനും സൗദി പൗരന്റെ വിദേശിയായ വിധവക്കും ഇതേ പരിഗണന ലഭിക്കുമെന്ന് ഖിവ പ്ലാറ്റ് ഫോം വ്യക്തമാക്കുന്നു.

കൂടാതെ വിദൂരമായി ജോലി ചെയ്യുന്ന സൗദി പൗരന്മാരെയും സ്ഥിരം സൗദി ജീവനക്കാർക്ക് തുല്യമായി പരിഗണിക്കും. ഇത് കൂടാതെ സൗദിവൽക്കരണത്തിന്റെ ശതമാനം കണക്കാക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, ഗൾഫ് കളിക്കാർ, അത്ലറ്റുകൾ എന്നിവർക്കും സൗദികൾക്ക് തുല്യമായ പരിഗണന ലഭിക്കും.

ഈജിപ്ഷ്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ള ഫലസ്തീനികൾ, ബലൂചികൾ, മ്യാൻമറിൽനിന്ന് എത്തിയവർ എന്നിവരെയൊക്കെ സാധാരണ പ്രവാസി തൊഴിലാളികളുടെ നാലിലൊന്ന് അനുപാതത്തിലാണ് പരിഗണിക്കുക. അതായത് ഇത്തരം നാല് തൊഴിലാളികളെ നിയമിക്കുമ്പോൾ ഒരു വിദേശ തൊഴിലാളിയായി മാത്രമേ നിതാഖാത്തിൽ രേഖപ്പെടുത്തുകയുള്ളൂ. എന്നാൽ, ഇത്തരം തൊഴിലാളികൾ സ്ഥാപനത്തിലെ ആകെ തൊഴിലാളികളുടെ അമ്പത് ശതമാനത്തിൽ അധികമാകാൻ പാടില്ല.

കൂടാതെ മക്കയിലും മദീനയിലും താമസിക്കുന്ന ബർമീസ് പൗരന്മാർക്ക് ഈ ഇളവ് ബാധകമല്ലെന്നും ഖിവ പോർട്ടൽ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കാനും എണ്ണ ഇതര മേഖലകളിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനും പുതിയ രീതി സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News