മൂന്നിരട്ടി ടിക്കറ്റ് നിരക്ക്, സർവീസ് റദ്ദാക്കൽ; പതിവ് പോലെ പ്രവാസികളെ വട്ടം കറക്കി വിമാന കമ്പനികൾ
ദമ്മാമിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകളാണ് ഇന്നലെയും ഇന്നുമായി അവസാന മണിക്കൂറുകളിൽ റദ്ദാക്കിയത്
ദമ്മാം : പ്രവാസികളുടെ യാത്രദുരിതത്തിന് അറുതിയില്ല. പ്രവാസികൾക്ക് എന്നും ദുരിതം മാത്രം സമ്മാനിക്കുന്ന വിമാനകമ്പനികൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അവധിക്കാലം തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ചു. ഇതിനു പുറമേ ടിക്കറ്റ് നിരക്ക് ഭയന്ന് നേരത്തെ ബുക്ക് ചെയ്തവർക്ക് ഇരുട്ടടിയായി സർവീസ് റദ്ദാക്കലും വൈകിപ്പറക്കലും തുടരുന്നു. ദമ്മാമിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകളാണ് ഇന്നലെയും ഇന്നുമായി അവസാന മണിക്കൂറുകളിൽ റദ്ദാക്കിയത്. ദമ്മാമിന് പുറമേ റിയാദിൽ നിന്നും സർവീസുകൾ റദ്ദാക്കി. ഇതോടെ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത കുടുംബങ്ങളുൾപ്പെടെയുള്ളവർ പെരുവഴിയിലായി.
സ്‌കൂൾ അവധി കണക്കാക്കി കമ്പനി അവധി തരപ്പെടുത്തിയവർക്ക് അവധി ദിനങ്ങൾ സൗദിയിൽ തന്നെ ചിലവഴിക്കേണ്ട അവസ്ഥയാണ് നിലവിൽ. റദ്ദാക്കിയ ടിക്കറ്റുകൾ റീഫണ്ട് ചെയ്ത് പുതിയത് ബുക്ക് ചെയ്യാമെന്ന് കരുതിയാൽ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ നിരക്ക്. സൗദിക്ക് പുറമേ കുവൈത്ത്, ഒമാൻ സെക്ടറുകളിൽ നിന്നുള്ള സർവീസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ തടസ്സം നേരിട്ടിരുന്നു.