ഉംറ തീർഥാടകരുടെ എണ്ണം സർവകാല റെക്കോഡിലേക്ക്

ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ ഉംറക്ക് എത്തിയത് 2019ലാണ്

Update: 2024-01-09 17:59 GMT
Advertising

ഉംറക്കായി എത്തുന്ന തീർഥാടകരുടെ എണ്ണം സർവകാല റെക്കോഡിലേക്ക് നീങ്ങുന്നു. ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം പേരാണ് കഴിഞ്ഞ വർഷം ഉംറക്കായി എത്തിയത്. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് ഉംറ എക്സ്ബിഷനിലാണ് ഹജ്ജ് ഉംറ മന്ത്രിയുടെ പ്രഖ്യാപനം. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പ്രതിനിധികൾ പങ്കെടുക്കുന്ന എക്സിബിഷൻ ഹജ്ജിന്റെ മുന്നൊരുക്കം കൂടിയാണ്.

ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ ഉംറക്ക് എത്തിയത് 2019ലാണ്. അന്ന് 85 ലക്ഷം പേരാണ് എത്തിയത്. ഉംറക്കാർക്ക് പരമാവധി എത്താൻ സാധിച്ചതിൽ ഹജ്ജ് ഉംറ മന്ത്രാലയം സന്തോഷം പ്രകടിപ്പിച്ചു.

ലോകമെമ്പാടുമുള്ള 80ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് മന്ത്രിമാരും നേതാക്കളും ജിദ്ദയിലെ ഹജ്ജ് ഉംറ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഹജ്ജ് നേതാക്കളുമായും കൂടിക്കാഴ്ചകൾ പൂർത്തിയാക്കി, ഹജ്ജ് സീസണിലേക്കുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

വിശുദ്ധ സ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 5 ബില്യൺ റിയാലിന്റെ പദ്ധതികൾ പുണ്യ സ്ഥലങ്ങളിൽ ആരംഭിച്ചു. 14,000 ടോയ്‌ലറ്റുകളും ശുചിമുറികളും, 150,000 ലധികം എയർ കണ്ടീഷനിംഗ് യൂണിറ്റുകളും സ്ഥാപിക്കുന്നുണ്ട്. ഇതിന്റെയെല്ലാം കാഴ്ചകളും എക്സ്പോയിൽ കാണാം. ഒപ്പം ഹജ്ജ് സേവനത്തിൽ ഭാഗമാകുന്ന സർക്കാർ ഏജൻസികളും പങ്കാളികളാണ്.

ഹജ്ജ് ഉംറ സേവനങ്ങൾക്കായുള്ള നുസ്ക് പ്ലാറ്റ്ഫോമിലേക്ക് 126 രാജ്യങ്ങളെ കൂടി സൗദി ഇത്തവണ ചേർക്കും. കഴിഞ്ഞവർഷം 67 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News