റഹീമിന്റെ മോചനം: കോടതി കേസ് പരിഗണിക്കുന്നത് മാറ്റി
റിയാദ് ജയിലിൽ നിന്നുള്ള എല്ലാ കേസുകളുടേയും സിറ്റിങ് തിയ്യതി മാറ്റി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച് വിധി പറയുന്നത് വീണ്ടും മാറ്റി. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ കേസുകളുടേയും സിറ്റിങ് തിയ്യതി മാറ്റിയിട്ടുണ്ട്. കേസ് ഇനി ഡിസംബർ 30ന് പരിഗണിക്കും. ഇന്ന് എല്ലാ കേസുകളും മാറ്റിവെച്ചതായി റഹീം നിയമ സഹായ സമിതിയും വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ ഡിസംബർ എട്ടിനും കേസ് മാറ്റിവെച്ചിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നാണ് അന്ന് നിയമസഹായ സമിതി അറിയിച്ചത്.
അതിന് മുമ്പുള്ള സിറ്റിങ്ങിൽ ആവശ്യപ്പെട്ടതനുസരിച്ച് നടപടികൾ സ്വീകരിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞിരുന്നു.