മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനായി നിക്ഷേപങ്ങൾ നടത്തണം; റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമാപിച്ചു
കോവിഡിന് ശേഷമുള്ള പ്രതിന്ധി നേരിടാൻ എല്ലായിടത്തും വാക്സിൻ എത്തിക്കാതെ പരിഹാരമുണ്ടാകില്ലെന്നും വിദഗ്ദരുടെ സംഗമം ചൂണ്ടിക്കാട്ടി.
മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനായി നിക്ഷേപങ്ങൾ നടത്തണമെന്ന പ്രഖ്യാപനത്തോടെ റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന് സമാപനമായത്. വിദ്യാഭ്യാസ മേഖല മെച്ചപ്പെടാൻ സ്പെയ്സ് മേഖലയിൽ നിക്ഷേപം നടത്തണമെന്ന് വിദഗദർ പാനൽ ചർച്ചയിൽ പറഞ്ഞു. മൂന്ന് ദിനം നീണ്ടു നിന്ന നിക്ഷേപ സംഗമം വിവിധ കരാറുകളിലും ഒപ്പു വെച്ചു.
ആഗോള തലത്തിലെ വിദ്യാഭ്യാസ പ്രതിസന്ധി നേരിടാൻ സ്പെയ്സ് രംഗത്ത് നിക്ഷേപം നടത്തണം. കോവിഡിന് ശേഷമുള്ള പ്രതിന്ധി നേരിടാൻ എല്ലായിടത്തും വാക്സിൻ എത്തിക്കാതെ പരിഹാരമുണ്ടാകില്ലെന്നും വിദഗ്ദരുടെ സംഗമം ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിൻ മുൻനിര രാജ്യങ്ങൾ മൂന്നാം ഡോസ് വരെയെത്തി. പിന്നോക്ക രാജ്യങ്ങൾ ഒന്നാം ഡോസിലേക്ക് എത്തുന്നേയുള്ളൂ. ഇത് പൂർത്തിയാകാതെ ലോകത്താരും സുരക്ഷിതരാകില്ലെന്നും, മുൻനിര രാജ്യങ്ങൾ സഹായിക്കേണ്ടി വരുമെന്നും പ്രത്യേക ഉച്ചകോടി ഉണർത്തി.
വിനോദത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിദ്യാഭ്യാസത്തിലേക്ക് വഴിമാറുകയാണ്. ഇതിനനുസരിച്ച് വിനോദ രംഗത്തും മാറ്റം വരും. വിദ്യാഭ്യാസത്തിനു പുറമെ മെഡിക്കൽ രംഗത്തും നിക്ഷേപം വേണം. ജിഡിപിയുടെ അഞ്ച് ശതമാനം ആരോഗ്യ രംഗത്ത് നിക്ഷേപിച്ചാൽ ആ ജനതയുടെ ജീവിത ദൈർഘ്യം വർധിക്കും. ഇതിലാണ് ലോകം ശ്രദ്ധിക്കേണ്ടതെന്നും നിക്ഷേപക സംഗമം ചൂണ്ടിക്കാട്ടി.
ആഗോള താപനം നേരിടൽ, കോവിഡ് പ്രത്യാഘാതം മറികടക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശുദ്ധമായ ഊർജം എന്നിവയിലായിരുന്നു മറ്റു പ്രധാന ചർച്ച. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരും രാഷ്ട്ര തലവന്മാരും സംഗമത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള വ്യവസായ പ്രമുഖരും വിവിധ സെഷനുകളിൽ സംസാരിച്ചു.